ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് മലയാളിയും

വാഷിങ്ടൻ∙ കേരളത്തിൽ വേരുകളുള്ള പ്രേം പരമേശ്വരനെ തന്റെ ഉപദേശക സമിതിയിൽ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഷ്യൻ അമേരിക്കൻ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിലേക്കാകും നിയമനം. സമിതിയിലേക്കു നിയമിക്കപ്പെടാൻ സാധ്യതയുള്ള 12 പേരിൽ ഏക ഇന്ത്യൻ വംശജനാണ് സാമ്പത്തികകാര്യ വിദഗ്ധനായ പ്രേം.

യുഎസിൽ വിദ്യാർഥികളായെത്തിയ കൊയിലാണ്ടി സ്വദേശി വെൻ പരമേശ്വരന്റെയും ആലുവയിൽ ജനിച്ചു കൊല്ലത്ത് വളർന്ന പ്രിസില്ലയുടെയും മകനാണ് പ്രേം. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ യുഎൻ അംബാസഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വെൻ പരമേശ്വരൻ.