ട്രംപ്– കിം രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലോ തീരദേശ നഗരമായ ഡാനാങ്ങിലോ നടക്കുമെന്നാണു സൂചന.

ഇരു നേതാക്കളും കഴിഞ്ഞവർഷം ജൂൺ 12 നാണ് ആദ്യ ഉച്ചകോടിക്കായി സിംഗപ്പൂരിൽ സമ്മേളിച്ചത്. ഉത്തരകൊറിയയുടെ പ്രതിനിധി കിം യോങ് ചോൾ വെള്ളിയാഴ്ച ട്രംപിനെ സന്ദർശിച്ച് ഒന്നരമണിക്കൂറോളം ചർച്ച നടത്തിയശേഷമാണ് ഉന്നതതല കൂടിക്കാഴ്ച തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. ഉത്തരകൊറിയ അണ്വായുധങ്ങൾ പൂർണമായി നശിപ്പിക്കുന്നതു വരെ യുഎസ് ഉപരോധം തുടരുമെന്നും അവർ അറിയിച്ചു.