97-ാം വയസ്സിൽ ഓടിച്ച കാർ മറിഞ്ഞു; പരുക്കേൽക്കാതെ ഫിലിപ് രാജകുമാരൻ

ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ (97) ഓടിച്ച ലാൻഡ്റോവർ കാർ മറ്റൊരു കാറിലിടിച്ചു മറിഞ്ഞെങ്കിലും അദ്ദേഹം പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റേ കാറിലുണ്ടായിരുന്ന 2 സ്ത്രീകളിൽ, ഡ്രൈവറുടെ കാൽമുട്ട് മുറിഞ്ഞു. 9 മാസം പ്രായമായ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന 45 കാരിയായ യാത്രക്കാരിയുടെ കൈ ഒടിഞ്ഞു.

നോർഫോക്കിൽ രാജ്ഞിയുടെ സാൻഡ്രിങ്ങാം കൊട്ടാരത്തിനടുത്തുള്ള റോഡിലാണ് സംഭവം. പ്രധാന പാതയിലേക്കു കയറവേ സൂര്യപ്രകാശം രാജകുമാരന്റെ കണ്ണിലടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു. 

വശം ചെരിഞ്ഞു റോഡിൽ മറിഞ്ഞ കാറിൽ നിന്ന് എണീറ്റ ഉടൻ അദ്ദേഹം ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നാരാഞ്ഞു. സ്ഥലത്തെത്തിയ പൊലീസ്, രാജകുമാരൻ ഉൾപ്പെടെ കാർ ഓടിച്ച 2 പേരുടെയും ശ്വാസപരിശോധന നടത്തിയെങ്കിലും ഇരുവരും മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു. അപകടമുണ്ടായാലുടൻ ഡ്രൈവർമാരുടെ ശ്വാസപരിശോധന നടത്തണമെന്നാണു നിയമം.

എഡിൻബറ ഡ്യൂക്ക് ആയ ഫിലിപ് രാജകുമാരൻ 2017 ൽ പൊതുജീവിതത്തിൽ നിന്നു വിരമിച്ചു. പക്ഷേ, തൊണ്ണൂറ്റിയേഴാം വയസ്സിലും കാറോടിക്കാറുണ്ട്. 

2016ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേലിനെയും വിൻഡ്സർ കൊട്ടാരത്തിലേക്ക് ഉച്ചഭക്ഷണത്തിന് കൊണ്ടുപോയപ്പോൾ കാറോടിച്ചിരുന്നത് രാജകുമാരനായിരുന്നു. യുകെയിൽ ഡ്രൈവിങ് ലൈസൻസിനു ഉയർന്ന പ്രായപരിധി ഇല്ലെങ്കിലും 70 ആയാൽ സ്വയം റദ്ദാകും. എന്നാൽ പുതുക്കുന്നതിന് തടസ്സമില്ല.