വെനസ്വേല: യുഎസ് ഗ്വീഡോയ്ക്കൊപ്പം; ഇടപെടരുതെന്ന് റഷ്യയുടെ താക്കീത്

ബ്രസൽസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ രണ്ടായി വിഘടിച്ച് ലോകം. പാർലമെന്റ് (നാഷനൽ അസംബ്ലി) ചെയർമാനായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത വാൻ ഗ്വീഡോയെ വെനസ്വേലയുടെ ഇടക്കാല നേതാവായി യുഎസും ബ്രിട്ടനും അംഗീകരിച്ചു. എന്നാൽ, പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കൊപ്പമാണെന്നു റഷ്യ വ്യക്തമാക്കി. ക്യൂബയും തുർക്കിയും മഡുറോയെ പിന്തുണയ്ക്കുന്നു. മഡുറോയ്ക്കെതിരെ തലസ്ഥാനമായ കാരക്കസിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.

യുഎസുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി മഡുറോ പ്രഖ്യാപിച്ചു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ‘മുൻ പ്രസിഡന്റ്’ ആയ മഡുറോയ്ക്ക് ഇക്കാര്യം തീരുമാനിക്കാൻ അവകാശമില്ലെന്നു യുഎസ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുമായും ബന്ധം തുടരുമെന്നു വാൻ ഗ്വീഡോ പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവായിരുന്ന വാൻ ഗ്വീഡോ ബുധനാഴ്ച രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. യുഎസിനും ബ്രിട്ടനും പുറമേ, തെക്കേ അമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ചിലെ, പെറു, അർജന്റീന എന്നിവയും വാൻ ഗ്വീഡോയ്ക്കൊപ്പമാണ്. ഇതോടെ മഡുറോ കൂടുതൽ ഒറ്റപ്പെട്ടു. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഉടൻ തിരഞ്ഞെടുപ്പു നടത്തണമെന്ന് യൂറോപ്യൻ യൂണിയനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നു യുഎന്നും ആവശ്യപ്പെട്ടു.

വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് ആ രാജ്യത്തെയും ജനാധിപത്യത്തെയും ദുർബലമാക്കാനുള്ള ശ്രമമാണ് യുഎസും പാശ്ചാത്യ രാജ്യങ്ങളും നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. സൈനിക ഇടപെടൽ നടത്തുമെന്ന യുഎസ് ഭീഷണിക്കെതിരെ റഷ്യ മുന്നറിയിപ്പു നൽകിയട്ടുണ്ട്.

മഡുറോയ്ക്കെതിരെ രാജ്യത്തു കടുത്ത ജനവികാരം നിലനിൽക്കുന്നുണ്ട്. സൈന്യത്തിന്റെ പിന്തുണയോടെയാണു ഭരണം. മുൻപ് 2 തവണയുണ്ടായ ജനകീയ സമരങ്ങളെ സൈന്യത്തെ ഉപയോഗിച്ചാണ് അടിച്ചമർത്തിയത്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമങ്ങളിലൂടെയാണ് മഡുറോ വീണ്ടും വിജയം നേടിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.