ട്രൂഡോ വിമർശനം: കാനഡയുടെ ചൈനാ അംബാസഡറെ പിരിച്ചുവിട്ടു

ടൊറോന്റോ ∙ചൈനയിലെ കാനഡ അംബാസഡർ ജോൺ മക്കാലെമിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിരിച്ചുവിട്ടു. കഴിഞ്ഞ മാസം ഒന്നിനു കാന‍ഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ അറസ്റ്റിലായ ചൈനീസ് കമ്പനി ‘വാവെ’യുടെ സ്ഥാപകന്റെ മകൾ മെങ്ങിനെ യുഎസിനു കൈമാറാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനത്തെ മക്കാലെം പരസ്യമായി വിമർശിച്ചതാണു നടപടിക്കു കാരണം. വാവെ കമ്പനിയുടെ ഇറാൻ ഇടപാടുമായി ബന്ധപ്പെട്ടു യുഎസിൽ സാമ്പത്തികകുറ്റകൃത്യത്തിനു വിചാരണ നേരിടുന്ന മെങ്ങിനെ അറസ്റ്റ് ചെയ്തത് കാനഡ–ചൈന ബന്ധം വഷളാക്കിയിരുന്നു.

മെങ്ങിന്റെ അറസ്റ്റിനു പിന്നാലെ രണ്ടു കനേഡിയൻ പൗരൻമാരെ തടഞ്ഞുവച്ച ചൈന, ലഹരിമരുന്നുകേസിൽ തടവിലുണ്ടായിരുന്ന കാനഡക്കാരനെ പൊടുന്നനെ വധശിക്ഷയ്ക്കും വിധിച്ചു. മെങ്ങിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും യുഎസിനുവേണ്ടി കാനഡ അതു ചെയ്യേണ്ടിയിരുന്നില്ലെന്നുമാണു മക്കാലെം പ്രതികരിച്ചത്. വാൻകൂവറിൽ ജാമ്യത്തിലുള്ള മെങ്ങിനെ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ യുഎസിനു വിട്ടുകൊടുക്കും.

ടെലികമ്യൂണിക്കേഷൻ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ വാവെയ്ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധമുണ്ട്. ചൈനയുടെ ഏറ്റവും വലിയ രാജ്യാന്തരക്കമ്പനികളിലൊന്നാണിത്.