യുഎസ്–താലിബാൻ ചർച്ച രണ്ടാം ഘട്ടത്തിലേക്ക്; സമാധാനം തെളിയുന്നു

കാബൂൾ ∙ അഫ്‌ഗാനിസ്ഥാനിൽ സമാധാനം കൈവരുത്താനുള്ള രൂപരേഖയ്ക്ക് യുഎസും താലിബാനും തമ്മിൽ ധാരണയായതായി സൂചന. ഖത്തറിൽ കഴിഞ്ഞയാഴ്ച നടന്ന താലിബാൻ– യുഎസ് ചർച്ചകൾ ‘പുരോഗതി’ ഉണ്ടായതായി ഇരുപക്ഷവും സമ്മതിച്ചു. ചർച്ച തുടരാനാണു തീരുമാനമെങ്കിലും അടുത്ത തീയതി തീരുമാനിച്ചിട്ടില്ല. സമാധാന കരാറുണ്ടാക്കാനായാൽ 17 വർഷമായ അഫ്‌ഗാൻ ആഭ്യന്തര യുദ്ധത്തിന് അവസാനമാകും. 

ഒരു മാസം നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണു യുഎസ്, താലിബാനെ ചർച്ചയ്ക്ക് എത്തിച്ചത്. ദോഹയിൽ താലിബാൻ പ്രതിനിധികളും യുഎസ് ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ച 6 ദിവസം നീണ്ടു. 

ഇതിന്റെ തുടർച്ചയായാണ്, ഇന്നലെ ടിവിയിലൂടെ നടത്തിയ പ്രസംഗത്തിൽ, സമാധാന ചർച്ചയ്ക്കു മുന്നോട്ടുവരാൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി താലിബാനോട് അഭ്യർഥിച്ചത്. എന്നാൽ, അഫ്ഗാൻ ഭരണകൂടവുമായുള്ള ചർച്ച  താലിബാൻ തള്ളി. 

വെടിനിർത്തൽ, വിദേശസേനകളുടെ പിൻമാറ്റം, തടവുകാരുടെ കൈമാറ്റം, ഭീകരർക്ക് അഫ്ഗാൻ താവളമാകില്ലെന്ന ഉറപ്പ് എന്നിവയാണ് യുഎസ്– താലിബാൻ ചർച്ചയിലെ മുഖ്യവിഷയങ്ങൾ. അഫ്ഗാനിലെ അമേരിക്കയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയമാണു ദോഹ ചർച്ചകൾക്കു ബലമേകിയത്.

എന്നാൽ, ദോഹ ചർച്ചകളിൽ നിന്നു തങ്ങളെ മാറ്റിനിർത്തിയതിൽ അഫ്ഗാൻ ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുഎസും താലിബാനും തമ്മിലുള്ള ഏതു കരാറിനും കാബൂളിന്റെ അംഗീകാരം ആവശ്യമാണെന്നും അവർ മുന്നറിയിപ്പു നൽകിയിരുന്നു. അഫ്ഗാൻ സർക്കാരുമായുള്ള ചർച്ചയിലേക്കു താലിബാനെ എത്തിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പിന്നീടു വ്യക്തമാക്കി.