ബ്രെക്സിറ്റ്: കരാർ ഭേദഗതിക്കായി മേ യൂറോപ്യൻ യൂണിയനെ സമീപിക്കും

ലണ്ടൻ ∙ ബ്രെക്സിറ്റ് കരാറിൽ ഭേദഗതി അനുവദിക്കാൻ യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.  ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിവാദവ്യവസ്ഥകളിൽ ഭേദഗതിക്കു ശ്രമിക്കുമെന്നാണ് മേ മന്ത്രിസഭയെ അറിയിച്ചത്. എന്നാൽ, തീരുമാനിച്ചുറപ്പിച്ച കരാർ അടഞ്ഞ അധ്യായമാണെന്നും ഒരു മാറ്റവും അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണു  യൂറോപ്യൻ യൂണിയൻ (ഇയു). മാർച്ച് 29 നാണു ബ്രെക്സിറ്റ് നടപടികൾക്കു ബ്രിട്ടൻ തുടക്കമിടേണ്ടത്.

യൂറോപ്യൻ യൂണിയനുമായി മേ ചർച്ച ചെയ്തു തയാറാക്കിയ കരാർ 202 നെതിരെ 432 വോട്ടിനു ബ്രിട്ടിഷ് പാർലമെന്റ തള്ളിയതോടെയാണു ഭേദഗതികൾക്കായി പുനരാലോചന നടക്കുന്നത്. വടക്കൻ അയർലൻഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയിൽ തുറന്ന അതിർത്തി വേണമെന്ന പഴയ സമാധാന കരാർ നിബന്ധന നിലനിർത്തിക്കൊണ്ടുള്ള പോംവഴിയാണു മേ തേടുന്നത്. ബ്രെക്സിറ്റിനു ശേഷവും അതിർത്തി വേലി ഒഴിവാക്കുന്നതു സംബന്ധിച്ച് ഗ്രഹാം ബ്രേഡിയെ പോലെയുള്ള എംപിമാർ ബദൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ഇതേസമയം, ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ കൺസർവേറ്റീവ് എംപിമാർ ഒരുമിച്ചൊരു തീരുമാനത്തിലെത്തിയെന്ന സൂചനകൾ പുറത്തുവന്നു. ബെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള കാലയളവു നീട്ടിക്കിട്ടണമെന്ന നിലപാടെടുത്തുള്ള രേഖകളാണു ചോർന്നത്. കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടേണ്ടിവന്നാൽ ആ സാഹചര്യം നേരിടേണ്ടതെങ്ങനെയെന്നതിനെക്കുറിച്ചും പദ്ധതിയായിട്ടുണ്ട്. മേയുടെ സർക്കാരിനെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ അംഗീകാരവും ഇതിനുണ്ട്.