വെനസ്വേല: വാൻ ഗ്വിഡോ രാജ്യം വി‍ടുന്നത് കോടതി വിലക്കി

കാരക്കസ് ∙ അധികാരത്തർക്കം രൂക്ഷമായ വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാൻ ഗ്വിഡോ രാജ്യം വിടുന്നതു സുപ്രീം കോടതി വിലക്കി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. അതേസമയം, പ്രതിപക്ഷവുമായി ചർച്ചയ്ക്കു സന്നദ്ധനാണെന്നു പ്രസിഡന്റ് നിക്കൊളാസ് മഡുറോ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന ആവശ്യം അഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സമാധാനാന്തരീക്ഷം തകർത്തുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതുവരെ ഗ്വിഡോ രാജ്യംവിടുന്നത് തടയണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചു. വിധിയിൽ പുതുതായൊന്നുമില്ലെന്നു പ്രതികരിച്ച വാൻ ഗ്വിഡോ പോരാട്ടം തുടരുമെന്നും പറഞ്ഞു.

അതിനിടെ, വെനസ്വേലയിൽ സൈനിക ഇടപെടലിനുള്ള യുഎസ് നീക്കത്തിനെതിരെ കാനഡ ഉൾപ്പെടെ 14 രാജ്യങ്ങളുള്ള ‘ലിമ സഖ്യം’ രംഗത്തെത്തി. വെനസ്വേലയിൽ ജനാധിപത്യം അട്ടിമക്കാൻ ശ്രമിക്കുകയും ഗ്വിഡോയെ ഉപദ്രവിക്കുകയും ചെയ്യുന്നവർ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നൽകിയിരുന്നു. 5000 സൈനികരെ വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന കൊളംബിയയിലേക്ക് അയയ്ക്കാൻ യുഎസ് ഒരുങ്ങുന്നതായും അഭ്യൂഹമുണ്ട്.

വാൻ ഗ്വീഡോയെ യുഎസ്, ബ്രിട്ടൻ തുടങ്ങി ഇരുപതോളം രാജ്യങ്ങൾ പിന്തുണയ്ക്കുകയും മഡുറോയെ പിന്തുണച്ച് റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തതോടെയാണ് വെനസ്വേലയിലെ പ്രശ്നങ്ങൾക്കു രാജ്യാന്തരമാനം കൈവന്നത്.