ധർമൂസ് പള്ളത്തി തിളപ്പിച്ചത്

തിളച്ചുവരുന്ന പള്ളത്തിക്കറിയിൽ നിന്ന് അൽപമെടുത്ത് ഉള്ളം കയ്യിലിറ്റിച്ച് ഊതിയൂതി നാക്കിൽ വയ്ക്കുമ്പോൾ കിട്ടുന്ന സുഖം....ഹാ ഏതു നെയ്യ് മീൻ കൂട്ടിയാൽ കിട്ടും ഈ രുചി.ചെറിയ മീനുകളോടാണ് എനിക്ക് എന്നും പ്രിയം. പള്ളത്തി, നന്ദൻ, കൊഴുവ, മുള്ളൻ എന്നിവയാണ് എന്റെ വീട്ടിൽ കൂടുതലും കറിക്കായി ഉപയോഗിക്കുന്നത്. വലിയ മീനുകൾ അങ്ങനെ വാങ്ങാറില്ല . കാൽസ്യത്താൽ സമ്പന്നമായ ചെറുമീനുകൾക്കു പകരമാകില്ല,വലിയ മീനുകൾ. 

സാധാരണ മീൻ വിൽപനശാലകളിൽ ചെറുമീനുകൾ നന്നാക്കിക്കൊടുക്കാറില്ല. പക്ഷേ, നന്നാക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആളുകൾ ചെറുമീനുകൾ വാങ്ങാതിരിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ട് എന്റെ ഉടമസ്ഥതയിലുള്ള ഫിഷ് സ്റ്റാളുകളിലെല്ലാം അതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളത്തി തിളപ്പിച്ചതിന്റെ രുചിക്കൂട്ട് അമ്മയാണ് പറഞ്ഞുതന്നത്. ചെറുപ്പം മുതലേ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണിത്. 

പള്ളത്തി തിളപ്പിച്ചത് 

നന്നായി കഴുകി വൃത്തിയാക്കിയ പള്ളത്തി– അരക്കിലോ
ഇടിച്ച മുളക് – ആവശ്യത്തിന്
പച്ചമുളക്– 3 എണ്ണം
ചുവന്നുള്ളി ചതച്ചത്– 4 എണ്ണം
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഉപ്പ്– ആവശ്യത്തിന്
കുടംപുളി – രണ്ട് വലിയ കഷണം
വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ– ആവശ്യത്തിന്

അടുപ്പിൽ കറിച്ചട്ടി വച്ച‌ു ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ചതച്ച ചുവന്നുള്ളിയും പച്ചമുളകും ഇട്ടു വഴറ്റണം. മൂപ്പാകുമ്പോൾ ഇടിച്ച മുളകും മഞ്ഞൾപ്പൊടിയും കൂടി ഇട്ട് ഒന്നുകൂടി വഴറ്റുക. ഇനി കുടംപുളി ഇട്ടുവച്ച വെള്ളവും കുടംപുളിയും ചേർത്ത് ഇളക്ക‌ുക. ഉപ്പും ചേർത്ത് തിള വരുമ്പോൾ അതിലേക്ക് കഴുകിവച്ച പള്ളത്തി ഇട്ട് വേവാൻ വയ്ക്കുക. ചട്ടിയിലുള്ള പള്ളത്തിയോടൊപ്പം വെള്ളം വറ്റിവരുമ്പോൾ വേപ്പിലയും കൂടി ഇട്ട് ചട്ടി നന്നായി ചുറ്റിച്ച് വാങ്ങി വയ്ക്കാം.(സ്പൂൺ കൊണ്ട് ഇളക്കരുത്.)

തയാറാക്കിയത് : ശ്രീപ്രസാദ്