മികച്ച രീതിയിൽ ജീവിക്കുവാൻ എന്തു ചെലവു വരും?

ജോലിയിൽ നിന്നു വിരമിച്ച ശേഷം ജീവിക്കുവാൻ നിങ്ങൾക്കെന്തു ചെലവു വരും എന്ന് സത്യസന്ധമായി കണക്കാക്കുകയാണ് റിട്ടയർമെൻറ് പ്ലാനിങിലെ ഏറ്റവും സുപ്രധാന ഘട്ടം.  

മികച്ച രീതിയിൽ ജീവിക്കുവാൻ എന്തു ചെലവു വരും? അത് എങ്ങനെ കണക്കാക്കും? 

പണപ്പെരുപ്പം, വർധിക്കുന്ന ആരോഗ്യ ചെലവുകൾ, നിങ്ങൾക്കാവശ്യമായ അവധിക്കാല യാത്രകളും വിനോദങ്ങളും, കുട്ടികൾക്കും പേരക്കുട്ടികൾക്കുമെല്ലാം നൽകേണ്ടി വരുന്ന സമ്മാനങ്ങൾ തുടങ്ങിയവ യാഥാർത്ഥ്യ ബോധത്തോടെ കണക്കാക്കുകയാണ് ഇവിടെ വേണ്ടത്. 

കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പോലുള്ളവ ജോലിയിൽ നിന്നു വിരമിച്ച ശേഷമുള്ളവയിൽ ഉൾപ്പെടുത്തേണ്ടതില്ല. ജോലി ചെയ്യുമ്പോൾ ദൂരെ സ്ഥലങ്ങളിൽ താമസിക്കാനായി വാടകയിനത്തിൽ ഗണ്യമായ തുക വേണ്ടി വരും. എന്നാൽ റിട്ടയർമെൻറ് ജീവിതത്തിൽ ഇതെല്ലാം ഒഴിവാക്കാമല്ലോ. പക്ഷേ, ചികിൽസാ ചെലവുകൾ ഉയരും.

ഇത്തരത്തിലുള്ള ജീവിതത്തിന് ആവശ്യമായ വരുമാനം ലഭിക്കും വിധം എന്തു സമ്പാദ്യമാണ് സ്വരുക്കൂട്ടേണ്ടതെന്നു കണക്കാക്കുകയാണ് അടുത്ത ഘടകം. ഈയൊരു ലക്ഷ്യം കൈവരിക്കാൻ ഇപ്പോൾ മുതല്‍ എത്ര തുക നിക്ഷേപിച്ചു തുടങ്ങണം എന്നതാണ് അടുത്തതായി കണ്ടെത്തേണ്ടത്. ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനുതകുന്ന നിക്ഷേപപദ്ധതികളും നിങ്ങൾ കണ്ടെത്തണം. ഇതു കണ്ടെത്തിയതു കൊണ്ടു മാത്രമായില്ല, അവയിൽ നിക്ഷേപിച്ചു തുടങ്ങുകയും വേണം.