മ്യൂച്വൽ ഫണ്ടിൽ എങ്ങനെയാണ് നിക്ഷേപം തുടങ്ങേണ്ടത്?

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഇപ്പോൾ ധാരാളം പേർ തയാറായി വരുന്നുണ്ട് എങ്കിലും ചിലർക്കെങ്കിലും എന്താണ് മ്യുച്വൽ ഫണ്ടുകൾ എന്ന് അറിയില്ല. അവ പ്രവർത്തിക്കുന്നതെങ്ങനെ? അതിൽ നിക്ഷേപിക്കുന്നവർക്ക് വരുമാനം ലഭിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പലർക്കുമറിയില്ല. ഒട്ടനവധി പേരിൽ നിന്നുള്ള നിക്ഷേപങ്ങൾ സമാഹരിച്ച്് വിവിധ മേഖലകളിൽ നിക്ഷേപിക്കുകയാണ് മ്യൂച്വൽഫണ്ടുകളുടെ പ്രവർത്തന രീതി. ഇങ്ങനെ നിക്ഷേപിച്ച് നേടിയെടുക്കുന്ന ലാഭം നിക്ഷേപകർക്ക് വീതിച്ചു നൽകുന്നു. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുമ്പോഴുള്ള അപകട സാധ്യതകൾ മറികടക്കാൻ മ്യുച്വൽഫണ്ടുകൾ പ്രയോജനപ്പെടുത്താനാകും. ഇങ്ങനെ ഓഹരികളിൽ മാത്രമല്ല, ബോണ്ടുകൾ,കടപ്പത്രങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മ്യുച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തുന്നുണ്ട്.

നിക്ഷേപം എങ്ങനെ?

രണ്ടു തരത്തില്‍ മ്യൂച്വല്‍ ഫണ്ടുകളിൽ നിക്ഷേപം നടത്താം. കയ്യിലുള്ള തുക ഒറ്റത്തവണയായി നിക്ഷേപിക്കാം. അതല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഘട്ടംഘട്ടമായി എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ വഴി നിക്ഷേപിക്കാം.

ദീര്‍ഘകാലത്തില്‍ മറ്റു നിക്ഷേപമാർഗങ്ങളെക്കാള്‍ മികച്ച ആദായം നല്‍കുന്നത്‌ ഓഹരികളായിരിക്കും.എന്നാൽ ഹ്രസ്വകാലയളവില്‍ ഓഹരികളുടെ നഷ്ടസാധ്യത കൂടുതലാണ്‌. പ്രതീക്ഷിച്ച റിട്ടേണ്‍ ലഭിച്ചെന്നു വരില്ല. കുറഞ്ഞത്‌ അഞ്ച് വര്‍ഷം നീളുന്ന കാലയളവിലേക്കായി നിക്ഷേപിച്ചു തുടങ്ങുന്നതാണ്‌ ഉത്തമം.

എസ്‌ഐപി

ഏതു ദീര്‍ഘകാല ലക്ഷ്യവും നിറവേറ്റുന്നതിന്‌ ആവശ്യമായ തുക സമ്പാദിക്കാന്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം സഹായിക്കും. എന്നാൽ ആദ്യ വര്‍ഷം മുതല്‍ പിന്‍വലിച്ചു തുടങ്ങുകയാണെങ്കില്‍ അതിന്‌ സാധിച്ചുവെന്നു വരില്ല. പകരം ദീര്‍ഘകാല നിക്ഷേപം നടത്തി ഫണ്ട്‌ വളരാന്‍ അനുവദിക്കുക വിപണി ചാഞ്ചാടുമ്പോൾ‍ എസ്‌ഐപിയാണു മികച്ചത്‌. കൂട്ടുപലിശയുടെ ഗുണം ലഭിക്കും.

നിക്ഷേപം തുടങ്ങുന്നതിനു മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന റജിസ്‌ട്രേഡ്‌ സ്റ്റോക്ക്ബ്രോക്കറെയോ മ്യൂച്വല്‍ഫണ്ട്‌ കമ്പനിയെയോ സമീപിക്കാം. അതല്ലെങ്കില്‍ റജിസ്‌ട്രേഷനോടു കൂടിയ വ്യക്തിഗത മ്യൂച്വല്‍ ഫണ്ട്‌ ഉപദേശകർ വഴിയും നിക്ഷേപം തുടങ്ങാം.