കൃഷ്ണഗിരിയിൽ ചരിത്രം പിറന്നു; പേസ് കരുത്തിൽ കേരളം ആദ്യമായി രഞ്ജി സെമിയിൽ

കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് കേരള രഞ്ജി ടീം. ഗുജറാത്തിനെ 113 റൺസിനു തകർത്ത് ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ. ബേസിൽ തമ്പി നേടിയ 5 വിക്കറ്റും സന്ദീപ് വാരിയരുടെ 4 വിക്കറ്റ് പ്രകടനവുമാണ് കേരളത്തെ വിജയതീരത്തടുപ്പിച്ചത്. 195 റൺസ് വിജയലക്ഷ്യവുമായെത്തിയ ഗുജറാത്ത് നിര 31.3 ഓവറിൽ 81 റൺസിനു തകർന്നടിഞ്ഞു. മൽസരത്തിൽ 8 വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിങ്സിൽ 37 റൺസെടുത്ത് കേരളത്തിന്റെ ടോപ്സ്കോററാവുകയും ചെയ്ത ബേസിൽ തമ്പിയാണ് മാൻ ഓഫ് ദ് മാച്ച്. 

കൃഷ്ണഗിരി (വയനാട്) ∙ ക്വാർട്ടർ മൽസരം ഉച്ചഭക്ഷണത്തിനു പിരിയും മുൻപേ പിച്ചിൽ കേരളത്തിനായി വിജയസദ്യയെത്തി. ഗുജറാത്ത് ബാറ്റിങ് നിരയെ കൂട്ടക്കശാപ്പ് ചെയ്തു കേരള പേസർമാരൊരുക്കിയ കളിവിരുന്ന്! വിജയത്തിന്റെ ഓരോതുള്ളിയും ആഘോഷിച്ചാസ്വദിച്ചു നിറഞ്ഞ മനസ്സോടെ കേരളം കൃഷ്ണഗിരിയിൽനിന്നു ചരിത്രത്തിലേക്കു നടന്നുകയറി. അടുത്തയാഴ്ച ഇതേ ഗ്രൗണ്ടിൽ സെമി പോരാട്ടം. 

മൂന്നാം ദിനം കളിതുടങ്ങി സന്ദീപ് വാരിയർ എറി‍ഞ്ഞ ആദ്യ പന്ത് തന്നെ കാഥൻ പട്ടേൽ അതിർത്തി കടത്തിയിരുന്നു. പിന്നീട് അക്കൗണ്ടിൽ ഒരു റൺ മാത്രം കൂട്ടിച്ചേർക്കാനേ താരത്തിനായുള്ളൂ. വീശിയടിക്കാൻ ശ്രമിച്ച കാഥന്റെ ഓഫ് സ്റ്റംപ് പിഴുതുവീഴ്ത്തി അഞ്ചാം ഓവറിൽ ബേസിൽ തമ്പിയുടെ ഏറെത്തി. അതേ ഓവറിലെ ആറാമത്തെ ബോളിൽ പ്രിയങ്ക് പഞ്ചാലിനെ ബേസിൽ വിക്കറ്റിനു മുൻപിൽ കുടുക്കുകയും ചെയ്തു. 

∙ നിർണായകം, റൺ ഔട്ട്! 

കേരളത്തിനു നെഞ്ചിടിപ്പായി പാർഥിവ് പട്ടേൽ എത്തുന്നു. കഴിഞ്ഞ ഇന്നിങ്സിലെ ഏകദിന ശൈലിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ക്രീസിൽനിന്നു കയറിയ പാർഥിവ്, ബേസിലിന്റെ ആദ്യ പന്ത് അടിച്ചകറ്റി. പക്ഷേ, പന്ത് കൈക്കലാക്കിയ സച്ചിൻ ബേബി നോൺ സ്ട്രൈക്കർ എൻഡിലെ ലെഗ് സ്റ്റംപ് എറിഞ്ഞിട്ടു. നേരിട്ട ആദ്യപന്തിൽത്തന്നെ രാജ്യാന്തര താരം പുറത്തായി. കളിയിൽ നിർണായകമായ ആദ്യ ട്വിസ്റ്റ്. പാർഥിവ് പോയി അധികം വൈകാതെ തന്നെ അഞ്ചാമൻ റുജുൽ ഭട്ടിനെ സന്ദീപ് വാരിയർ വിനൂപ് മനോഹരന്റെ കൈയിലെത്തിച്ചു. ഗുജറാത്ത് നാലിന് 18 എന്ന നിലയിൽ. 

∙ എറിഞ്ഞിട്ട് പേസർമാർ 

പിന്നീട് വളരെ ശ്രദ്ധിച്ചായി ഗുജറാത്തിന്റെ ബാറ്റിങ്. അഞ്ചാം വിക്കറ്റിൽ ധ്രുവ് റാവലും രാഹുൽ ഷായും മെല്ലെ അടിച്ചുതുടങ്ങി. ഇരുവരുടെയും കൂട്ടുകെട്ട്  39 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ബേസിലിന്റെ പന്തിൽ റാവലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പിടിച്ചു. അപ്പോഴും ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 137 റൺസ്. അസ്കർ പട്ടേലി (7) നെയും പീയൂഷ് ചൗള (8) യെയും സന്ദീപ് വാരിയർ പുറത്താക്കി. വാലറ്റക്കാരായ കലേറിയയും (6), ഗജ (9) യും പൊരുതാൻ പോലും തയാറാകാതെ ബേസിൽ തമ്പിക്കു കീഴടങ്ങി. കളി തീർന്നപ്പോൾ ഗുജറാത്ത് വിജയത്തിന് 113 റൺസ് അകലെയായിരുന്നു. 

കേരള രഞ്ജി ടീം മൽസരത്തിനുശേഷം പരിശീലകൻ ഡേവ് വാട്ട്മോറിന്റെ നേതൃത്വത്തിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു. ചിത്രം: മനോരമ

∙ വിജയതന്ത്രമായി മെയ്ഡ്ൻ 

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബേസിൽ തമ്പി.

ആദ്യ സെഷനിൽ വിക്കറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിലും റൺസ് വിട്ടുകൊടുക്കാതിരിക്കുക എന്നതായിരുന്നു കേരളത്തിന്റെ തന്ത്രം. പരമാവധി മെയ്ഡൻ ഓവറുകൾ എറിയാനാണു നായകൻ സച്ചിൻ ബേബി ബോളർമാരോട് ആവശ്യപ്പെട്ടത്. പഴുതടച്ച ഫീൽഡിങ് ഒരുക്കി പിന്തുണയും നൽകി. ഈ തന്ത്രമാണ് കളിയിൽ ഏറെ നിർണായകമായി മാറിയ പാർഥിവ് പട്ടേലിന്റെ റൺ ഔട്ടിൽ കലാശിച്ചത്.