സച്ചിന്റെ 29 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് നേപ്പാളിൽ നിന്നൊരു പതിനാറുകാരൻ!

ന്യൂഡൽഹി∙ നേപ്പാളിൽനിന്നുള്ള പതിനാറു വയസ്സുകാരൻ താരം രോഹിത് പൗഡലാണ് ക്രിക്കറ്റ് വൃത്തങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ രോഹിത്തിനെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നതാകട്ടെ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ പേരിലുണ്ടായിരുന്ന 29 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത ബാറ്റിങ് പ്രകടനവും. സച്ചിനു പുറമെ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡും ഈ യുവതാരം തകർത്തു.

യുഎഇയും നേപ്പാളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മൽസരത്തിനിടെയാണ് രോഹിത്തിന്റെ തകർപ്പൻ പ്രകടനത്തിനും മൈതാനം വേദിയായത്. മൽസരത്തിൽ 58 പന്തിൽനിന്നും 55 റൺസാണ് രോഹിത് നേടിയത്. ഈ അർധസെഞ്ചുറി പ്രകടനത്തിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോർഡാണ് രോഹിത് തിരുത്തിയത്.

യുഎഇയ്ക്കെതിരെ അർധസെഞ്ചുറി നേടുമ്പോൾ 16 വർഷവും 146 ദിവസവുമാണ് രോഹിതിന്റെ പ്രായം. പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നടന്ന ടെസ്റ്റ് മൽസരത്തിൽ അർധസെഞ്ചുറി നേടി സച്ചിൻ റെക്കോർഡ് സ്ഥാപിക്കുമ്പോൾ പ്രായം 16 വർഷവും 213 ദിവസവും. ദിവസങ്ങളുടെ വ്യത്യാസത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് രോഹിത്തിന്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റ് മാത്രം പരിഗണിച്ചാൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സച്ചിനു തന്നെ. അതേസമയം, ഏകദിനത്തിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം ഇനി രോഹിത്താണ്. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി 16 വർഷവും 216 ദിവസവും പ്രായമുള്ളപ്പോൾ നേടിയ അർധസെഞ്ചുറിയുടെ റെക്കോർഡാണ് രോഹിത് തിരുത്തിയത്. അന്ന് ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽനിന്നും സെഞ്ചുറി നേടിയ അഫ്രീദിയുടെ പേരിലായിരുന്നു ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്.

എന്തായാലും രോഹിതിന്റെ ഇന്നിങ്സിന്റെ കൂടി ബലത്തിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ നേടിയത് 242 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയെ 19.3 ഓവറിൽ 97 റൺസിന് പുറത്താക്കി നേപ്പാൾ 145 റൺസിന്റെ കൂറ്റൻ വിജയവും നേടി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി.