ഏഷ്യൻ കപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്; ഉദ്ഘാടന മൽസരത്തിൽ യുഎഇ–ബഹ്റൈൻ

ഏഷ്യയുടെ വൻകരാ കിരീടപ്പോരാട്ടത്തിന് നാളെ കിക്കോഫ്. ഉദ്ഘാടന മൽസരത്തിൽ, അബുദാബി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിന് ആതിഥേയരായ യുഎഇ ബഹ്റൈനെ നേരിടും. ഇന്ത്യക്കാരേറെയുള്ള നഗരത്തിൽ, മറ്റന്നാൾ തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. 10ന് യുഎഇയുമായിട്ടും 14ന് ബഹ്റൈനുമായിട്ടുമാണ് ഇന്ത്യയുടെ പിന്നീടുള്ള മൽസരങ്ങൾ.

ഗ്രൂപ്പ് പരിചയം

ഗ്രൂപ്പ് എ: യുഎഇ(79), തായ്‌ലൻഡ്(118), ഇന്ത്യ(97), ബഹ്റൈൻ(113)

ആതിഥേയരായ യുഎഇ തന്നെ ഫേവറിറ്റുകൾ. പക്ഷേ സൂപ്പർ താരം ഒമർ അബ്ദുൽറഹ്‌മാനേറ്റ പരുക്ക് തിരിച്ചടിയാകും. ബഹ്റൈനും തായ്‌ലൻഡും റാങ്കിങിൽ താഴെയുള്ള ടീമുകളായതിനാൽ ഇന്ത്യയ്ക്കു പ്രതീക്ഷയേറെ. 12 വർഷത്തിനു ശേഷമാണ് തായ്‌ലൻഡ് ടൂർണമെന്റിനെത്തുന്നത്.

ഗ്രൂപ്പ് ബി: ഓസ്ട്രേലിയ(41), സിറിയ(74), പാലസ്തീൻ(99), ജോർദാൻ(109)

ലോകകപ്പ് കഴിഞ്ഞാണ് ഓസ്ട്രേലിയ വരുന്നത്. മിലെ യെഡിനാകും ടിം കാഹിലും വിരമിച്ചതിനു ശേഷം അവരുടെ പ്രധാന ടൂർണമെന്റുകളിലൊന്ന്. സിറിയയ്ക്കു പകരം വീട്ടാനുള്ളതും ഓസ്ട്രേലിയയോടു തന്നെയാണ്. പ്ലേഓഫിൽ അവരെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ റഷ്യൻ ലോകകപ്പിനു യോഗ്യത നേടിയത്.

ഗ്രൂപ്പ് സി: ദക്ഷിണ കൊറിയ(53), ചൈന(76), കിർഗിസ്ഥാൻ(91), ഫിലിപ്പീൻസ്(116)

നിസ്സംശയം ദക്ഷിണ കൊറിയ. ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്‌സ്പറിന്റെ സൂപ്പർ താരമായ സൺ ഹ്യൂങ് മിൻ അവരുടെ വജ്രായുധം. ഏഴു സൗഹൃദ മൽസരങ്ങളിൽ തോൽവിയറിയാതെയാണ് വരവ്. ബാക്കിയുള്ളവർ തമ്മിൽ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമായിരിക്കും.

ഗ്രൂപ്പ് ഡി: ഇറാൻ(29), ഇറാഖ്(88), വിയറ്റ്നാം(100), യെമൻ(135) 

2015 ഏഷ്യൻ കപ്പിനു ശേഷം ഒരു മൽസരം മാത്രമേ ഇറാൻ തോറ്റിട്ടുള്ളൂ. റഷ്യൻ ലോകകപ്പിൽ സ്പെയിനോടായിരുന്നു അത്. റയൽ മഡ്രിഡ് മുൻ പരിശീകൻ കാർലോസ് ക്വെയ്റോസിന്റെ നേതൃത്വത്തിൽ ഒന്നാന്തരം ഡിഫൻസ് യൂണിറ്റാണ് ഇറാന്റേത്. ഇറാഖാണ് ഗ്രൂപ്പിലെ പേടിക്കേണ്ട ടീം.

ഗ്രൂപ്പ് ഇ: സൗദി അറേബ്യ(69), ഖത്തർ(93), ലെബനൻ(81), ഉത്തര കൊറിയ(109)

ഏറ്റവും ബാലൻസ്ഡ് ആയ ഗ്രൂപ്പ്. ആർക്കും ആരെയും തോൽപ്പിക്കാം. റഷ്യൻ ലോകകപ്പ് കളിച്ച സൗദി അറേബ്യയ്ക്ക് ആ മുൻതൂക്കം അവകാശപ്പെടാം. പക്ഷേ അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന് മികച്ചൊരു ഫുട്ബോൾ സംവിധാനമുണ്ട്. രണ്ടു വർഷമായി സ്ഥിരതയുള്ള പ്രകടനം.

ഗ്രൂപ്പ് എഫ്: ജപ്പാൻ(50), ഉസ്ബെക്കിസ്ഥാൻ(95), ഒമാൻ(82), തുർക്ക്മെനിസ്ഥാൻ(127)

ലോകകപ്പിനു ശേഷം ടീമിനെ പുതുക്കിപ്പണിതാണ് ജപ്പാൻ വരുന്നത്. 2020ൽ സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സ് കൂടി അവരുടെ മനസ്സിലുണ്ട്. ഒമാൻ സന്നാഹ മൽസരത്തിൽ ഇന്ത്യയോടു സമനില വഴങ്ങിയാണ് വരുന്നത്. തുർക്ക്മെനിസ്ഥാൻ ‘വൺ ക്ലബ്’ ടീം ആണ്. കോച്ചും മിക്ക കളിക്കാരും ‘ആൾട്ടിൻ അസിർ’ ക്ലബിൽ നിന്ന്.