ഗോകുലത്തിന് വീണ്ടും തോൽവി; ഐലീഗിൽ എട്ടാം സ്ഥാനത്ത്

കോയമ്പത്തൂർ ∙ അടിയും ഇടിയും നിറഞ്ഞ ആക്‌ഷൻ സിനിമയ്ക്കു സമാനമായ ഐ ലീഗ് ഫുട്ബോൾ പോരാട്ടത്തിന്റെ ക്ലൈമാക്സിൽ ഗോകുലം കേരള എഫ്സി തളർന്നു പത്തിമടക്കി. 5 ഗോളുകളും 2 ചുവപ്പു കാർഡുകളും 5 മഞ്ഞക്കാർഡുകളും കണ്ട കളിയിലാണ് ചെന്നൈ സിറ്റി എഫ്സിയുടെ വിജയം. 

ഗോകുലത്തിനായി മുഡെ മൂസയും ജോയൽ സൺഡേയും സ്കോർ ചെയ്തു. ആദ്യ പകുതിയിൽ 2-1 ന് മുന്നിട്ടു നിന്ന ശേഷമാണ് സന്ദർശകർ തോൽവി വഴങ്ങിയത്. ലീഗിൽ ഗോകുലത്തിന്റെ തുടർച്ചയായ 3–ാം തോൽവി. ആദ്യ പകുതിയിൽ ആതിഥേയരെ വെള്ളം കുടിപ്പിച്ച ഗോകുലം രണ്ടാം പകുതിയിൽ ചെന്നൈയുടെ സ്പാനിഷ് കരുത്തിൽ ഞെരിഞ്ഞമർന്നു. ക്യാപ്റ്റൻ പെഡ്രോ ഉൾപ്പെടെ 5 സ്പെയിൻ താരങ്ങളാണ് ഇന്നലെ ചെന്നൈക്കായി കളത്തിലിറങ്ങിയത്. 7–ാം മിനിറ്റിൽ ക്യാപ്റ്റൻ പെഡ്രോ ആതിഥേയരെ മുന്നിലെത്തിച്ചു.

10 മിനിറ്റ് കഴിഞ്ഞപ്പോൾ ഗോകുലം ഒപ്പമെത്തി. എസ്. രാജേഷിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ മുഡെ മൂസ പന്ത് വലയ്ക്കുള്ളിലാക്കി. 38–ാം മിനിറ്റിൽ ഗോകുലത്തിനു പെനൽറ്റി. ജോയൽ സൺഡേയുടെ കിക്ക് ചെന്നൈ ഗോളി ഗാർഷ്യ തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ സൺഡേതന്നെ പന്തു വലയിലാക്കി. 

ആദ്യ പകുതിയുടെ അധിക സമയത്താണ് ഇരു ടീമുകളുടെയും ഓരോ താരങ്ങൾ വീതം ചുവപ്പു കാർഡ് കണ്ട് പുറത്തായത്. തന്റെ മുഖത്ത് കൈമുട്ടു കൊണ്ട് ഇടിച്ച എസ്.പാണ്ഡ്യനെ അർജുൻ ജയരാജ് തള്ളിയതോടെ കളത്തിൽ തർക്കമായി. ഇരുതാരങ്ങളെയും റഫറി പുറത്താക്കി. 59–ാം മിനിറ്റിൽ ക്യാപ്റ്റൻ പെഡ്രോ ചെന്നൈക്കായി വീണ്ടും സ്കോർ ചെയ്തു. 80-ാം മിനിറ്റിൽ പെഡ്രോയുടെ ഹാട്രിക്കിലൂടെ ചെന്നൈ മുന്നിലെത്തി.