സൂപ്പർ താരങ്ങൾ ടീം വിട്ടേക്കും; ബ്ലാസ്റ്റേഴ്സിൽ പുതുരക്തം നിറയ്ക്കാൻ നീക്കം

കൊച്ചി∙  ‍സന്ദേശ് ജിങ്കാനും സി.കെ.വിനീതും അനസുമൊക്കെ ജനുവരിയുടെ നഷ്ടങ്ങളാകുമോ, കേരള ബ്ലാസ്റ്റേഴ്സിന്. പകരം, ആഷിഖ് കരുണിയനെപ്പോലുള്ള യുവതാരങ്ങൾ കൊമ്പൻമാരുടെ നിരയിൽ ചേരുമോ? ഒന്നുറപ്പ്; ദീർഘകാല നേട്ടമെന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് നിരയിൽ പൊളിച്ചെഴുത്തിനു തിരക്കഥ ഒരുങ്ങുകയാണ്. ഇടവേള കഴിഞ്ഞ് ഐഎസ്എലിൽ വീണ്ടും പന്തുരുളുമ്പോൾ ഒരുപക്ഷേ, പുതിയൊരു ബ്ലാസ്റ്റേഴ്സാകും കളത്തിൽ. 

ഇന്ത്യൻ താരം നർസാരി, ഗോൾകീപ്പർമാരായ ധീരജ് സിങ് എന്നിവരുടെ പേരുകളും ടീം വിടുന്നവരുടെ അഭ്യൂഹപ്പട്ടികയിലുണ്ട്. വിനീതും നർസാരിയും ചെന്നൈയിൻ എഫ്സിയിൽ ചേക്കേറുമെന്നാണു സൂചനകൾ. ജിങ്കാൻ എടികെയിലേക്കും അനസ് പുണെ സിറ്റിയിലേക്കും കൂടു മാറുമെന്നാണു പറയപ്പെടുന്നത്. 

ഐഎസ്എൽ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം നയിക്കുന്ന ജിങ്കാനുമായി 1.5 വർഷത്തെ കരാർ ബാക്കിയുണ്ട്. അനസിന്റെ ആദ്യ സീസൺ. 

വിനീത് ഏതാനും സീസണുകളായി ടീമിലെ സ്ഥിര സാന്നിധ്യം. പെസിച്,  പൊപ്ലാട്നിക് തുടങ്ങിയ വിദേശ താരങ്ങൾക്കും പകരക്കാരെത്തുമെന്നാണ് അണിയറ വർത്തമാനം; സ്ഥിരീകരണമില്ലെങ്കിലും.