ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ബഹ്റൈന് എതിരെ; സമനില നേടിയാൽ നോക്കൗട്ടിൽ

ഷാർജ∙ ഇന്ത്യൻ ഫുട്ബോളിന് അവിസ്മരണീയ രാവ് സമ്മാനിക്കാൻ സുനിൽ ഛേത്രിക്കാകുമോ? ഇന്ത്യൻ ആരാധകരെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ബഹ്റൈനെതിരെ ഇന്ത്യയ്ക്കിന്നു വേണ്ടത് സമനില മാത്രം. എന്നാൽ നോക്കൗട്ട് ബർത്തിന്റെ ആവേശം പിടിച്ചുനിർത്താൻ ഷാർജ സ്റ്റേഡിയത്തിലെ ആരാധകർക്കു മുൻപിൽ ഇന്ത്യയ്ക്കു ബഹ്റൈനെതിരെ മികച്ച കളിതന്നെ പുറത്തെടുക്കണം.  ഗോളടി മികവു കൈമുതലാക്കിയ നായകനും ‘എന്തിനും പോന്ന’ യുവനിരനിരയും ചേരുന്ന ഇന്ത്യയ്ക്ക് റാങ്കിങ്ങിൽ പിന്നിലുള്ള ബഹ്റൈനെ വീഴ്ത്തുക എന്നത് ആനക്കാര്യമല്ല.

എന്നാൽ ഇന്ത്യയെ 2–0നു വീഴ്ത്തിയ യുഎഇയെ ആദ്യ കളിയിൽ സമനിലയിൽ പിടിച്ച ടീമാണു ബഹ്റൈൻ.  ഇന്ത്യയെ തോൽപിച്ചാൽ ബഹ്റൈനും നോക്കൗട്ട് സാധ്യത ഉണ്ടെന്നിരിക്കെ ഉശിരൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 

∙ മിന്നലോട്ടം

പന്ത് കൈവശംവച്ചു കളി പിടിക്കുന്ന പാസിങ് ഗെയിമല്ല,  എതിർടീം ബോക്സിനുള്ളിലേക്ക് പാഞ്ഞുകയറുന്ന അതിവേഗ ഫുട്ബോളാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയിൽ മുന്നേറ്റങ്ങളുടെ ആണിക്കല്ലാകാൻ അനിരുദ്ധ് ഥാപ്പ, വലതുവിങ്ങിൽ മിന്നൽപ്പിണരാകാൻ ഉദാന്ത സിങ്. പൊന്നിന്റെ വിലയാണ് ഇരുവരുടെയും കാലുകൾക്ക്.

കഴിഞ്ഞ മൽസരങ്ങളിൽ ഇന്ത്യൻ മധ്യനിരയിൽ കളി മെനഞ്ഞത് ഇരുവരും ചേർന്നാണ്. യുഎഇക്കെതിരെ ജയിക്കാനായില്ലെങ്കിലും  പ്രതിരോധപ്പൂട്ടു പൊട്ടിച്ച് ബോക്സിലേക്ക് പാഞ്ഞുകയറുന്നതിലും മുന്നേറ്റനിരക്കു പന്തു മറിക്കുന്നതിലും മികച്ചുനിന്ന ഇരുവരുടെയും പ്രകടനം ഇന്നു നിർണായകമാകും.   

∙ ഛേത്രി– ആഷിഖ് 

ഫേവറിറ്റ് ശൈലിയായ 4–4–2ൽ തന്നെയാകും ബഹ്റൈനെതിര കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയെ വിന്യസിക്കുക. മുന്നേറ്റനിരയിൽ ഗോളടിക്കാനുള്ള ദൗത്യം നായകൻ ഛേത്രിക്കും ആഷിഖ് കുരുണിയനും. ചേത്രിയുടെ പരിചയസമ്പത്തും ആഷിഖിന്റെ വേഗവും ഒത്തുചേരുന്ന  മികവിൽ കോൺസ്റ്റന്റൈൻ വിശ്വാസമർപ്പിച്ചു കഴിഞ്ഞു.

ഫസ്റ്റ് ചോയ്സ് സ്ട്രൈക്കറായിരുന്ന ജെജെയെ മറികടന്ന് പ്ലേയിങ് ഇലവനിലെത്തിയ ആഷിഖ് രണ്ടു മൽസരങ്ങളിലും നന്നായി കളിച്ചു. വിങ്ങറായി കളിച്ചു പരിചയമുള്ളതിനാൽ ഛേത്രിക്കു പിന്നിൽ രണ്ടാം സ്ട്രൈക്കറായുള്ള ആഷിഖിന്റെ പൊസിഷനിങ്ങും ഇന്ത്യയ്ക്കു മുതൽക്കൂട്ട്.   

∙ പ്രതിരോധം

  മികച്ച ശാരീരികക്ഷമതയുള്ള ബഹ്റൈൻ താരങ്ങളെക്കൊണ്ടു ഗോളടിപ്പിക്കാതിരിക്കാനുള്ള കടമ ഇന്ത്യൻ പ്രതിരോധക്കോട്ട കാക്കുന്ന അനസിന്റെയും ജിങ്കാന്റെയും ചുമലുകളിൽ. തായ്‌ലൻഡിന്റെയും യുഎഇയുടെയും പല മുന്നേറ്റങ്ങളുടെയും മുനയൊടിക്കാനായെങ്കിലും ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പമാണ് കഴിഞ്ഞ കളിയിൽ യുഎഇയുടെ രണ്ടു ഗോളിനും വഴിതുറന്നത്.

ഉജ്വല ടാക്കിളിലൂടെ കളം നിറയുന്നതിനൊപ്പം അനാവശ്യ പിഴവുകളിലൂടെ ഗോൾ വഴങ്ങുന്ന ശീലം ഉപേക്ഷിച്ചാൽ ഇന്ത്യൻ കോട്ടയ്ക്കു മുന്നിൽ ബഹ്റൈന്റെ പത്തി മടങ്ങും.

ഇന്നു തോറ്റാൽ ഇന്ത്യയ്ക്കു നോക്കൗട്ട് സാധ്യതയുണ്ടോ?

ഇന്നു തോറ്റാലും ഇന്ത്യയ്ക്കു നോക്കൗട്ട് പ്രതീക്ഷയുണ്ട്. അതു പക്ഷെ, രാത്രി 9.30ന് നടക്കുന്ന  യുഎഇ– തായ്‌ലൻഡ് മൽസരഫലത്തെക്കൂടി ആശ്രയിച്ചിരിക്കും. 6 ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു പുറമേ ഏറ്റവും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് പ്രവേശമുണ്ട് എന്നതിനാലാണിത്. തായ്‌ലൻഡിനെ യുഎഇ കീഴടക്കിയാൽ ബഹ്റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും.

റെക്കോർഡ് ഛേത്രി

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്നു 107–ാം രാജ്യാന്തര മൽസരത്തിന് ഇറങ്ങുന്ന സുനിൽ ഛേത്രി ഇന്ത്യയ്ക്കായി ഏറ്റവും അധികം രാജ്യാന്തര മൽസരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിലേക്ക്. ഇന്നത്തെ മൽസരത്തോടെ മുൻ നായകൻ ബൈചുങ് ബൂട്ടിയയുടെ റെക്കോർഡിനൊപ്പം മുപ്പത്തിനാലുകാരനായ ഛേത്രി എത്തും.

വിജയത്തിന് പഴക്കമേറെ

1964ൽ ഇസ്രയേലിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ടൂർണമെന്റിൽ നോക്കൗട്ട് മൽസരങ്ങൾ ഉണ്ടായിരുന്നില്ല. നാലു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ഫോർമാറ്റിലാണു സംഘടിപ്പിച്ചത്.