സ്പാനിഷ് ലീഗ് : റയൽ മഡ്രിഡിനും അത്‌ലറ്റിക്കോയ്ക്കും ജയം

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ മഡ്രിഡ് ടീമുകൾക്കു വിലപിടിപ്പുള്ള ജയം. റയൽ മഡ്രിഡ് 2–0ന് സെവിയ്യയെയും അത്‌ലറ്റിക്കോ 3–0ന് ഹ്യുയെസ്കയെയും തോൽപ്പിച്ചു. ജയത്തോടെ റയൽ സെവിയ്യയെ തന്നെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കു കയറി–36 പോയിന്റ്. അത്‌ലറ്റിക്കോ 41 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 43 പോയിന്റുമായി ബാർസിലോന ഒന്നാം സ്ഥാനത്തു തുടരുന്നു. കാർ‍ലോസ് കാസെമിറോയുടെ ഉജ്വലമായ ലോങ് റേഞ്ചറും ലൂക്ക മോഡ്രിച്ചിന്റെ ഇൻജറി ടൈം ഗോളുമാണ് റയലിനു വിജയം സമ്മാനിച്ചത്.

പുതിയ കോച്ച് സാന്തിയാഗോ സൊളാരിക്കു കീഴിൽ ഉണർന്നു കളിക്കുന്ന റയലിന് വിജയം അത്യാഹ്ലാദകരമായി.  തലയ്ക്കു മുറിവേറ്റിട്ടും തുടർന്നു കളിക്കുകയും ഗോളടിക്കുകയും ചെയ്ത മോഡ്രിച്ചിനെ സൊളാരി പ്രശംസിച്ചു. ഫ്രാങ്കോ വാസ്ക്വെസുമായി കൂട്ടിയിടിച്ചാണ് മോഡ്രിച്ചിനു പരുക്കേറ്റത്. കഴിഞ്ഞ വാരം കോപ്പ ഡെൽ റെ ചാംപ്യൻഷിപ്പിൽ നിന്നു പുറത്തായതിന്റെ സങ്കടം തീർക്കുന്നതായി ഹ്യുയെസ്കയ്ക്കെതിരെ അത്‌ലറ്റിക്കോയുടെ ജയം. ലൂക്കാസ് ഹെർണാണ്ടസ്, സാന്തിയാഗോ ഏരിയാസ്, കോകെ എന്നിവരാണ് ഗോൾ നേടിയത്. 

ജർമൻ ബുന്ദസ്‌ലിഗ : വിറ്റ്സൽ ഗോളിൽ ഡോർട്ട്മുണ്ട്

ഡോർട്ട്മുണ്ട് ∙ ബൽജിയം താരം അക്സൽ വിറ്റ്‌സലിന്റെ ഗോളിൽ ലൈപ്സിഷിനെ 1–0നു തോൽപ്പിച്ച ബൊറൂസിയ ഡോർട്ട്മുണ്ട് ജർമൻ ബുന്ദസ്‌ലിഗയിൽ ഒന്നാം സ്ഥാനത്ത് ലീഡ് ആറു പോയിന്റാക്കി.

ഗോൾകീപ്പർ റൊമാൻ ബുർകിയുടെ സേവുകളുമാണ് ഡോർട്ട്മുണ്ടിനെ തുണച്ചത്. കഴിഞ്ഞ ഒൻപതു മൽസരങ്ങളിൽ ഡോർട്ട്മുണ്ടിന്റെ എട്ടാം വിജയമാണിത്. സീസണിൽ പകരക്കാരനായിറങ്ങി 12 ഗോളുകൾ നേടിയിട്ടുള്ള ഡോർട്ട്മുണ്ട് താരം പാകോ അൽകാസർ ഇത്തവണയും ഗോളിനടുത്തെത്തിയെങ്കിലും 90–ാം മിനിറ്റിലെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഹൊഫെൻഹൈമിനെ 3–1നു തോൽപ്പിച്ച ബയൺ മ്യൂണിക്കാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.