നികുതിവെട്ടിപ്പു കേസിൽനിന്ന് റോണോ ‘തടിയൂരി’; പിഴയടച്ചത് 150 കോടിയിലേറെ രൂപ!

മഡ്രിഡ്∙ സ്പെയിനിലെ നികുതിവെട്ടിപ്പു കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ വമ്പിച്ച തുക പിഴ നൽകി ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിവാക്കി. 1.8 മില്യൻ യൂറോ (153 കോടിയോളം രൂപ) പിഴയായി നൽകിയാണ് റൊണാൾഡോ കേസ് ഒഴിവാക്കിയത്. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനു കളിക്കുന്ന കാലത്താണ് റൊണാൾഡോ നികുതിവെട്ടിപ്പു കേസിൽ കുടുങ്ങിയത്. 2010–2014 കാലയളവിൽ റയലിൽ കളിക്കുമ്പോൾ റൊണാൾഡോ നികുതി വെട്ടിപ്പു നടത്തിയെന്നാണ് കേസ്. മുൻപ് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും സമാന കേസിൽ കുടുങ്ങിയിരുന്നു.

നികുതിവെട്ടിപ്പു കേസിൽ മഡ്രിഡിലെ കോടതിയിൽ നേരിട്ടു ഹാജരായാണ് റൊണാൾഡോ പിഴയൊടുക്കാമെന്ന് അറിയിച്ചത്. കേസ് ഒഴിവാക്കാനുള്ള ഈ കരാറിനൊപ്പം 23 മാസത്തെ ജയിൽ ശിക്ഷയും ഉൾപ്പെടുന്നുണ്ടെങ്കിലും റൊണാൾഡോ അത് അനുഭവിക്കേണ്ടിവരില്ല. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ഒഴികെയുള്ളവയ്ക്ക് രണ്ടു വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചാലും ജയിലിൽ കിടക്കേണ്ട എന്ന സ്പെയിനിലെ പ്രത്യേക സംവിധാനമാണ് ഇക്കാര്യത്തിൽ റൊണാൾഡോയുടെ രക്ഷയ്ക്കെത്തിയത്.

സ്പെയിൽകാരിയായ പ്രതിശ്രുത വധു ജോർജിന റോഡ്രിഗസിനൊപ്പമാണ് റൊണാൾഡോ മഡ്രിഡിലെ കോടതിയിൽ ഹാജരായത്. മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ വിഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്ന റൊണാൾഡോയുടെ അപേക്ഷ ജഡ്ജി നിരസിച്ചിരുന്നു. അങ്ങനെയെങ്കിൽ കോടതിക്കുള്ളിൽ കാർ കയറ്റാൻ അനുവദിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.

കോടതിമുറിയിൽ 15 മിനിറ്റോളം ചെലവഴിച്ച ക്രിസ്റ്റ്യാനോ പൊതുവെ സന്തോഷവാനായിരുന്നു. നേരത്തേതന്നെ തയാറാക്കി വച്ചിരുന്ന കരാറിൽ ഒപ്പിടേണ്ട ചുമതല മാത്രമേ ക്രിസ്റ്റ്യാനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കോടതിക്കു പുറത്തു കാത്തുനിന്ന ആരാധകർക്ക് ഓട്ടോഗ്രോഫ് നൽകാനും താരം മറന്നില്ല.