‘ജോബി ഡാർബി’യിൽ ഈസ്റ്റ് ബംഗാൾ

കൊൽക്കത്ത ∙ മലയാളി താരം ജോബി ജസ്റ്റിൻ മിന്നിത്തിളങ്ങിയ കൊൽക്കത്ത നാട്ടങ്കത്തിൽ ഈസ്റ്റ് ബംഗാളിനു ജയം. ചിരവൈരികളായ ബഗാനെ 2–0നാണ് ഐ–ലീഗ് ഡാർബി പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ തകർത്തത്. ജയ്മെ കൊളാഡോയുടെ ഗോളിനു വഴിയൊരുക്കിയ ജോബി പിന്നീട് ഗോളും നേടി. 35–ാം മിനിറ്റിൽ എസെ കിങ്സ്‌ലിയെ മറികടന്നു കയറിയാണ് ജോബി കൊളാഡോയുടെ ഗോളിനു വഴിയൊരുക്കിയത്. 

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ഒരു ലീഗ് സീസണിലെ രണ്ട് ഡാർബി മൽസരങ്ങളും ഈസ്റ്റ് ബംഗാൾ ജയിക്കുന്നത്. പ്രതിരോധ പിഴവുകൾക്കൊപ്പം റഫറിയുടെ ചില തീരുമാനങ്ങളും ബഗാനു വിനയായി. 51–ാം മിനിറ്റിൽ കോളാഡോ ബഗാൻ താരം ദിപാൻഡ ഡിക്കയെ ഇടിച്ചെങ്കിലും റഫറി കണ്ടില്ലെന്നു നടിച്ചു. എസെയുടെ ഒരു തകർപ്പൻ ഹെഡർ ക്രോസ് ബാറിലിടിക്കുകയും ചെയ്തു. ദിപാൻഡ ഡിക്ക പിന്നീട് ഒരു പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈ‍ഡ് വിളിച്ചു.

75–ാം മിനിറ്റിൽ ബഗാന്റെ നിരാശ കൂട്ടി റാൾട്ടെയുടെ കോർണറിൽ നിന്ന് ജോബി ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോളും നേടി. ജയത്തോടെ ഈസ്റ്റ് ബംഗാൾ നാലാം സ്ഥാനത്തേക്കു കയറി. ബഗാൻ ആറാമതാണ്. വടക്കു കിഴക്കൻ ഡാർബിയിൽ നെരോക്ക എഫ്സി– ഐസോൾ എഫ്സി സമനിലയിൽ പിരിഞ്ഞു. 

എന്താണ് ഫുട്ബോൾ ഡാർബി? 

ഒരേ നഗരത്തിൽ നിന്നോ പ്രദേശത്തു നിന്നോ ഉള്ള ടീമുകളുടെ പോരാട്ടമാണ് ഡാർബി എന്നറിയപ്പെടുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ളത് കൊൽക്കത്ത ഡാർബിയാണ്. ഐസോൾ എഫ്സി, നെരോക്ക എഫ്സി, ഷില്ലോങ് ലജോങ് എന്നിവർ തമ്മിലുള്ളത് വടക്കു കിഴക്കൻ ഡാർബിയും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ളത് മാഞ്ചസ്റ്റർ ഡാർബി. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും തമ്മിലുള്ള മൽസരം മഡ്രിഡ് ഡാർബി എന്നും അറിയപ്പെടുന്നു.