വീണ്ടും ചരിത്രം കുറിച്ച് മേരി കോം; ബോക്സിങ് റാങ്കിങ്ങിൽ ഒന്നാമത്

ന്യൂഡൽഹി∙ ലോക ചാംപ്യൻഷിപ്പിലെ ചരിത്ര സ്വർണത്തിനു പിന്നാലെ ഇന്ത്യൻ വനിതാ ബോക്സിങ് താരം മേരി കോമിനു മറ്റൊരു സുവർണ നേട്ടം കൂടി. രാജ്യാന്തര ബോക്സിങ് അസോസിയേഷൻ (എഐബിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിൽ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കി. വനിതാവിഭാഗം 45–48 കിലോഗ്രാമിലാണ് മേരി ഒന്നാം റാങ്ക് നേടിയത്. ഇക്കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ ആറാം സ്വർണം സ്വന്തമാക്കിയ മേരി കോം, ഇക്കാര്യത്തിൽ റെക്കോർഡിട്ടിരുന്നു.

48 കിലോഗ്രാം വിഭാഗത്തിൽ പതിവായി മൽസരിക്കുന്ന മുപ്പത്തിയാറുകാരിയായ മേരി, 1700 പോയിന്റോടെയാണ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഒളിംപിക്സിൽ രാജ്യത്തിനായി സ്വർണ മെഡൽ ലക്ഷ്യമിടുന്ന മേരി കോം, അതിനായി 51 കിലോഗ്രാം വിഭാഗത്തിൽ മൽസരിക്കേണ്ടി വരും. മേരി കോം ഉൾപ്പെട്ട 48 കിലോഗ്രാം ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.

51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ജാന്‍ഗ്ര എട്ടാം റാങ്കിലുണ്ട്. 54 കിലോ വിഭാഗത്തിൽ മനീഷ മൗണും എട്ടാമതാണ്. 64 കിലോ വിഭാഗത്തിൽ സിമ്രൻജിത്ത് കൗർ നാലാമതും മുൻ ലോക ചാംപ്യൻ സരിതാ ദേവി 16–ാം റാങ്കിലുമുണ്ട്. ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ലോവ്‌ലിന ബൊർഗോഹയ്ൻ 69 കിലോ വിഭാഗത്തിൽ അഞ്ചാമതാണ്.