മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ: സൈന, കശ്യപ്, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ

ക്വാലലംപൂർ∙ മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിനും പി. കശ്യപിനും ആദ്യ റൗണ്ട് വിജയം. ഇരുവരും തമ്മിലുള്ള വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ സൈന ഹോങ്കോങ്ങിന്റെ ജോയ് സുവാൻ ഡെങ്ങിനെ 14–21, 21–18, 21–18ന് തോൽപിച്ചു. ഏഴാം സീഡാണ് സൈന. വനിതാ വിഭാഗത്തിൽ മൽസരിക്കുന്ന ഏക ഇന്ത്യൻ താരമായ സൈന അടുത്ത റൗണ്ടിൽ ഹോങ്കോങ്ങിന്റെ തന്നെ സീഡ് ചെയ്യപ്പെടാത്ത താരം പ്യു യിൻ യിപ്പിനെ നേരിടും.

കശ്യപിനും ആദ്യ റൗണ്ട് പോരാട്ടം കഠിനമായിരുന്നു. ഡെന്മാർക്ക് താരം റാസ്മസ് ജെംകെയെ 19–21, 21–19, 21–10ന് ആണ് കശ്യപ് മറികടന്നത്. ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ട് അനായാസം പിന്നിട്ടു. അരമണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ ഹോങ്കോങ് താരം ആഗ്നസ് കാ ലോങ്ങിനെ 21–17, 21–11ന് ശ്രീകാന്ത് തോൽപിച്ചു. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– എൻ. സിക്കി റെഡ്ഢി സഖ്യത്തിനും എതിരാളികൾ ഹോങ്കോങ് താരങ്ങളായിരുന്നു. സു യൗ– സിൻ യിങ് യൂൻ സഖ്യത്തെ 21–16, 22–20ന് തോൽപിച്ചു.