മാരിൻ പരുക്കേറ്റ് പിൻമാറി; ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ കിരീടം സൈനയ്ക്ക്

ജക്കാർത്ത∙ ഇന്ത്യയുടെ സൈന നെഹ്‌വാളിന് ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ കിരീടം. എതിരാളിയായ സ്പാനിഷ് താരം കരോലിന മാരിൻ പരുക്കേറ്റ് പിൻമാറിയതോടെയാണ് സൈനയ്ക്ക് കിരീടം ലഭിച്ചത്. ഒന്നാം സെറ്റിൽ 10-4ന് മുന്നിട്ടുനിൽക്കുമ്പോഴാണ് മാരിനു പരുക്കേറ്റത്. തിരിച്ചെത്തി കളി തുടരാൻ ശ്രമിച്ചെങ്കിലും വേദന അസഹ്യമായതോടെ മാരിൻ പിൻമാറുകയായിരുന്നു.

ഒന്നാം സെറ്റിൽ 9–3ന് മുന്നിട്ടു നിൽക്കുമ്പോഴാണ് മാരിനു കാലിനു പരുക്കേറ്റത്. സൈന നെഹ്‌വാളിന്റെ റിട്ടേൺ എടുക്കാനുള്ള ശ്രമത്തിനിടെ കാൽമുട്ട് ഇടറുകയായിരുന്നു.

ക്വാർട്ടറിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിനെ തകർത്ത മാരിൻ, സെമിയിൽ ചൈനയുടെ ചെൻ യുഫേയിയെ വീഴ്ത്തിയാണ് കലാശപ്പോരിന് അർഹത നേടിയത്. സൈനയാകട്ടെ, ക്വാർട്ടറിൽ തായ്‌ലൻഡ് താരം പോൺപവീ ചോചുവോങ്ങിനെയും സെമിയിൽ ചൈനീസ് താരം ഹീ ബിങ്‌ജിയാവോയെയും തോൽപ്പിച്ചു.