'പ്രേമം പിടിച്ചു പറ്റാന്‍' എല്‍ജി V30 റാസ്‌ബെറി റോസ്, ഈ ഫോൺ ലെവൽ വേറെയാണ്!

ഏതെല്ലാം രീതികളില്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാമെന്ന കാര്യത്തിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഗവേഷണം നടത്തുന്നുണ്ടെന്നു വേണം കരുതാന്‍. മിക്കവരും ഉപയോഗിക്കുന്ന എല്ലാ ഫീച്ചറും ഏതു സാധാരണ ഫോണിലും ലഭ്യമാണെന്നിരിക്കെ എന്തു പറഞ്ഞാണ് ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുക? 

എന്തായാലും കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ എല്‍ജി V30യ്ക്ക് റാസ്‌ബെറി റോസ് വേരിയന്റ് പുറത്തിറക്കിയപ്പോള്‍ കമ്പനി പറയുന്നത് അത് പ്രേമം പിടിച്ചു പറ്റാനും ശ്രദ്ധയാകര്‍ഷിക്കാനും കഴിയുന്ന മോഡലാണ് എന്നാണ്. വാലന്റൈന്‍സ് ഡേയ്ക്കു മുൻപ് ഇത് വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഏറ്റവും നല്ല വാലന്റൈന്‍സ് ഡേ സമ്മാനം എന്ന രീതിയില്‍ ഈ ഫോണ്‍ വില്‍ക്കാനാണ് എല്‍ജി ശ്രമിക്കുന്നത്. ഈ വേരിയന്റിന്റെ ഡിസൈന്‍ ഫാഷന്‍ ഭ്രമമുള്ളവര്‍ക്ക് വളരെ ആകര്‍ഷകമായിരിക്കുമെന്നും അവര്‍ പറയുന്നു. 

ഈ പുറം മോടിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത് എല്‍ജി V30/V30+ തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകളില്‍ കണ്ട ഫീച്ചറുകള്‍ തന്നെയാണ് പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് V30 പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ V30 എത്തിയില്ല. പക്ഷേ, V30+ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് വില 44,990 രൂപയാണ്. V30യ്ക്ക് 64 ജിബി സംഭരണശേഷിയാണ് ഉള്ളതെങ്കില്‍ V30പ്ലസിന് 128ജിബി സ്റ്റോറേജാണുള്ളത് എന്നതാണ് രണ്ടു ഹാന്‍ഡ്‌സെറ്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. 

പുതിയ വേരിയന്റും അത്യുഗ്രന്‍ മള്‍ട്ടിമീഡിയ ഫീച്ചറുകള്‍ നിറച്ചാണ് എത്തുന്നതെന്ന് എല്‍ജി പറയുന്നു. ഇതിന്റെ ഇരട്ട ക്യാമറാ സിസ്റ്റം പ്രൊഫഷണല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. 16 മെഗാപിക്സൽ F/1.6 അപേര്‍ച്ചറുള്ള പ്രധാന ക്യാമറയും, 13 മെഗാപിക്സൽ, F/1.9 വൈഡ് ആങ്ഗിള്‍ ലെന്‍സുമാണ് ഫോണിലുള്ളത്. വൈഡ് ആങ്ഗിള്‍ ലെന്‍സിന് 120 ഡിഗ്രി വീക്ഷണകോണ്‍ ആണുള്ളത്. 5 മെഗാപിക്സൽ, F/2.2 അപേര്‍ച്ചറുള്ള സെല്‍ഫി ക്യാമറയും ഉണ്ട്. 

18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ (Quad HD+ OLED FullVision) സ്‌ക്രീനാണ് പുതിയ മോഡലിനും ഉള്ളത്. 6-ഇഞ്ചു വലിപ്പമുള്ള ഈ സ്‌ക്രീനിന് 2880x1440 റെസലൂഷനുണ്ട്. സ്നാപ്ഡ്രാഗണ്‍ 835 ചിപ് ആണ് ഈ ഫോണിന്റെയും പ്രൊസസര്‍. 4 GB റാമുള്ള ഫോണിന് 2 ടിബി മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ UI-UX 6.0+ യൂസര്‍ ഇന്റര്‍ഫെയ്സുമായി ആണ് ഫോണ്‍ എത്തുന്നത്. 3300mAh ബാറ്ററിയാണ് V3യില്‍ ഉള്ളത്. ക്വിക് ചാര്‍ജ് 3 ഫീച്ചര്‍ ഉണ്ട്.