ഐഫോൺ X വാങ്ങാൻ നീണ്ട ക്യൂ ഇല്ല, നിർമാണം കുറച്ചു; പ്രതിസന്ധിയിലായത് സാംസങ്

ടെക് ലോകത്തെ രണ്ടു വൻകിട കമ്പനികളാണ് ആപ്പിളും സാംസങ്ങും. രണ്ടു കമ്പനികളും ഓരോ വർഷവും അത്യാധുനിക ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നു. എന്നാൽ വിപണിയിൽ ഇവർ വലിയ ശത്രുക്കളാണെങ്കിലും പിന്നണിയിൽ ഇവർ പരസ്പരം മിത്രങ്ങളാണ്. ആപ്പിളിന് വേണ്ട ചില ഡിജിറ്റൽ സാമഗ്രികൾ നൽകുന്നത് സാംസങ്ങാണ്.

എന്നാൽ ആപ്പിളിന്റെ പുതിയ തീരുമാനം സാംസങ്ങിന് തിരിച്ചടിയായിരിക്കുകയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഐഫോൺ Xന് വിപണിയിൽ വേണ്ടത്ര ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ഐഫോൺ X ന്റെ നിർമാണം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. വരും മാസങ്ങളിലെ ഐഫോൺ  X ന്റെ നിർമാണം സംബന്ധിച്ച് ആപ്പിൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ഐഫോൺ  Xൽ ഉപയോഗിച്ചിരിക്കുന്ന ഒഎൽഇഡി പാനൽ വിതരണം ചെയ്യുന്നത് സംസങ്ങാണ്. സാംസങ്ങിന് ഓരോ വർഷവും ഇതുവഴി കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ ആപ്പിളിൽ നിന്ന് വേണ്ടത്ര ഓർഡർ ലഭിക്കാത്തിനാൽ ജനുവരി–മാർച്ച് പാദത്തിൽ കേവലം 20 മില്ല്യൻ ഒഎൽഇഡി പാനലുകൾ മാത്രമാണ് സാംസങ് നിർമിക്കുന്നത്. അതേസമയം, കഴിഞ്ഞ പാദങ്ങളിൽ 45 മുതല്‍ 50 മില്ല്യൻ വരെ ഡിസ്പ്ലെ പാനലുകളാണ് സാംസങ് നിർമിച്ചിരുന്നത്.

ഐഫോൺ X ന്റെ ഏപ്രിൽ–ജൂൺ കാലയളവിലുള്ള നിർമാണം സംബന്ധിച്ച് ആപ്പിൾ തീരുമാനമെടുത്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഒഎൽഇഡി പാനലുകൾ നിർമിക്കുന്ന കമ്പനിയാണ് സാംസങ്. ഐഫോൺ X ന്റെ 5.8 ഇഞ്ച് ഡിസ്പ്ലെയുടെ പുതുമ തന്നെ ഒഎൽഇഡി ഡിസ്പ്ലെയാണ്.