എവിടെ നോക്കിയാലും നോക്കിയ; പഴയ ബനാന ഫോൺ വാങ്ങാൻ ആളുണ്ടാകുമോ?

ക്ലാസിക് മോഡലുകൾ തിരികെ കൊണ്ടുവന്നും ആൻഡ്രോയ്ഡ് വൺ പദ്ധതിയിൽ പങ്കുചേർന്നും സ്മാർട്ഫോൺ വിപണിയിൽ നോക്കിയ വീണ്ടും സജീവമാകുന്നു. എച്ച്എംഡി ഗ്ലോബൽ എന്ന പുതിയ കമ്പനിയുടെ കീഴിൽ വീണ്ടും ഫോണുകൾ അവതരിപ്പിക്കുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളിലും ബേസിക് ഫോണുകളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്. പുതിയ മോഡലുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് നോക്കിയ. 

ബനാന ഫോൺ എന്നറിയപ്പെട്ടിരുന്ന നോക്കിയ 8110 ആണ് കമ്പനി അവതരിപ്പിച്ച ക്ലാസിക് ഫോൺ. കഴിഞ്ഞ വർഷം നോക്കിയ 3310 അവതരിപ്പിച്ചതുപോലെ തന്നെ കെയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ഫോൺ എത്തുന്നത്. 4 ജി കണക്ടിവിറ്റി ഉണ്ട് എന്ന പ്രത്യേകതയും ഉണ്ട്. 3310 പോലെ തന്നെ രണ്ടാമതൊരു ഫോൺ പരിഗണിക്കുമ്പോൾ വാങ്ങാവുന്ന ഉപകരണം എന്ന നിലയ്ക്കാണ് പഴയ താരത്തെ നോക്കിയ രംഗത്തിറക്കിയത്. എന്നാൽ പഴയ ബനാന ഫോൺ വാങ്ങാൻ എത്ര പേർ മുന്നോട്ടുവരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണായ നോക്കിയ 1 ആണ് മറ്റൊന്ന്. 

ആൻഡ്രോയ്ഡ് ഓറിയോ ഗോ ഓപ്പറേറ്റിങ് സിസ്റ്റവും ഗോ ആപ്പുകളും പ്രവർത്തിക്കുന്ന നോക്കിയ 1 ഏറ്റവും വില കുറഞ്ഞ ഓറിയോ ഫോണായി വിപണിയിലെത്തും. നോക്കിയ 6ന്റെ പുതിയ പതിപ്പിനു പുറമേ നോക്കിയ 7 പ്ലസ് എന്നൊരു പുതിയ മോഡലും നോക്കിയ അവതരിപ്പിച്ചു. 18:9 സ്ക്രീൻ അനുപാതത്തിലുള്ള നോക്കിയയുടെ ആദ്യ ഫോണാണ് ഇത്. പ്രീമിയം നിരയിൽ വരുന്ന നോക്കിയ 8 സിറോക്കോ എന്ന മോഡലാണ് മറ്റൊന്ന്. ഗൊറില്ല ഗ്ലാസും സ്റ്റീൽ ബോഡിയും ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഫോണിനുള്ളത്. 2കെ ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി എന്നിവയും ഇതിലുണ്ട്.