ആൻഡ്രോയ്ഡ് ഗോ നോക്കിയ 1 ഇന്ത്യയിലെത്തി, വില തുച്ഛം

ഗൂഗിളിന്റെ ആൻഡ്രോയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈറ്റ് വേർഷനായ ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ 1 ഇന്ത്യയിലെത്തി. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആൻഡ്രോയ്ഡ് (ഓറിയോ) ഗോ ഫോൺ ആണിത്. 

ഇന്ത്യൻ കമ്പനിയായ ലാവയാണ് ആദ്യത്തെ ആൻഡ്രോയ്ഡ് ഗോ ഫോൺ വിപണിയിലെത്തിച്ചത്. 5,500 രൂപയാണ് നോക്കിയ 1ന്റെ വില. ആൻഡ്രോയ്ഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഗോ ആപ്പുകൾ കൂടിയാവുമ്പോൾ കുറഞ്ഞ റാം ശേഷിയിലും ഫോൺ നന്നായി പ്രവർത്തിക്കും.

വില കുറഞ്ഞ ഒരു ഹാന്‍ഡെസെറ്റ് നോക്കിയിരിക്കുന്നവര്‍ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1. നാലു കോറുള്ള മീഡിയടെക് MT6737M പ്രൊസസറാണ് ഈ ഫോണിനുള്ളത്. 1GB റാമും ഉണ്ട്. കൈയ്യില്‍ ഒതുങ്ങുന്ന, 4.5-ഇഞ്ച് വലിപ്പമാണ് വലിയ 'ഡെക്കറേഷന്‍സ്' ഒന്നുമില്ലാത്ത ഈ മോഡലിനുള്ളത്. 

ആന്‍ഡ്രോയിഡ് 8 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5MP യുള്ള പിന്‍ക്യാമറയ്ക്ക് എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. മുന്‍ക്യാമറ 2MPയാണ്. ഈ ഫോണ്‍ സാധാരണ ആളുകള്‍ ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറും ഉള്‍ക്കൊള്ളുന്നതാണ്. 8GB സറ്റോറേജ് എന്നത് ചിലര്‍ക്ക് ഒരു പരിമിതിയായിരിക്കാം. 128GB വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും.