അതിവേഗ നോക്കിയ X6 ന്റെ വില പുറത്ത്, ഐഫോൺ X പോലൊരു ഡിസൈൻ

മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ വൻ തിരിച്ചു വരവാണ് നടത്തിയത്. ഇതിലും വലിയ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് നോക്കിയ. ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്എംഡി ഗ്ലോബല്‍ (HMD Global) പുതിയ നിര സ്മാര്‍ട് ഫോണുകളുമായി എത്തുകയാണ്. വൺപ്ലസ് 6 അവതരിപ്പിക്കുന്ന ദിവസം തന്നെ, മേയ് 16 ന് ആപ്പിളിന്റെ ഐഫോൺ X പോലൊരു (ഡിസൈൻ) ഹാൻഡ്സെറ്റ് നോക്കിയ X6 അവതരിപ്പിക്കാൻ പോകുകയാണ്.

നോക്കിയ X6 എന്ന് പേരിട്ടിരിക്കുന്ന ഫോണിൽ ഐഫോണിലെ പോലെ (ഫുൾ സ്ക്രീൻ) ഡിസ്പ്ലെയിൽ നോച്ച് ഉണ്ടായിരിക്കും. അതേസമയം പേരിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നോക്കിയ 6X എന്നാണ് പുതിയ ഹാൻഡ്സെറ്റിന്റെ പേരെന്ന് വിവിധ പരസ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിനടെ നോക്കിയ 6Xന്റെ വില വിവരങ്ങളും പുറത്തുവന്നു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1499 യുവാനാണ് (ഏകദേശം 15,900 രൂപ).

ചൈനീസ് വെബ്സൈറ്റുകളെല്ലാം നോക്കിയ X ന്റെ ചിത്രങ്ങളും ഫീച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്. പിന്നിൽ ഗ്ലാസ്, ഫിംഗർപ്രിന്റ് സ്കാനർ, ഇരട്ട ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്. 5.8 ഇഞ്ച് ഡിസ്പ്ലെ (19:9 അനുപാതത്തില്‍), സ്നാപ്ഡ്രാഗൻ 636 എസ്ഒസി, ആൻഡ്രോയ്ഡ് ഒറിയോ എന്നിവയാണ് മറ്റു ഫീച്ചറുകൾ.