പുത്തൻ ടെക്നോളജിയുമായി ഷവോമി എംഐ 8, വിഡിയോ പുറത്ത്

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എംഐ8 ന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. 2018 ലെ ഫ്ലാഗ്ഷിപ്പ് ഫോണായ എംഐ 8 കമ്പനിയുടെ വാർഷിക പരിപാടിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മേയ് 31 നാണ് ചടങ്ങ്. ഇതിനിടെയാണ് എംഐ 8ന്റേതെന്ന് കരുതുന്ന വിഡിയോയും പുറത്തുവന്നിരിക്കുന്നത്.

ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസർ, 3ഡി ഫേഷ്യൽ റെക്കഗ്‌നിഷൻ സെൻസർ എന്നിവയാണ് എംഐ 8ലെ പ്രധാന ഫീച്ചറുകൾ. ചൈനീസ് വെബ്സൈറ്റുകളിൽ പ്രചരിക്കുന്ന വിഡിയോകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹാൻഡ്സെറ്റിന്റെ ബോക്സുകളിൽ 8 എന്ന് വലുതായി കാണാം.

എംഐ 8ലും നോച്ച് കാണാം. നോച്ചിൽ സെൽഫി ക്യാമറ, മറ്റു സെൻസറുകൾ, 3ഡി ഫേഷ്യൽ റെക്കഗ്‌നിഷൻ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷവോമിയുടെ വാർഷിക പരിപാടിയില്‍ 5000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എംഐ 8ന് ഏകദേശം 799 യുവാനാണ് പ്രതീക്ഷിക്കുന്ന വില.

ക്വാൽകം സ്നാപ്ഡ്രാഗൻ 845 എസ്ഒസി പ്രോസസർ, 8ജിബി റാം, 256 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് ഒറിയോ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകൾ.