നോക്കിയ X6 വിറ്റഴിഞ്ഞത് 10 സെക്കന്റിൽ, വാങ്ങാനെത്തിയത് 7 ലക്ഷം പേർ, റെക്കോർഡ് നേട്ടം

സ്മാർട് ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളുമായി വൻ തിരിച്ചു വരവാണ് നടത്തിയത്. 2018 ൽ ഇതിലും വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് നോക്കിയയും നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലും. നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് X6 ദിവസങ്ങൾക്ക് മുന്‍പാണ് ചൈനയിൽ അവതരിപ്പിച്ചത്. ഡിസ്പ്ലെയിൽ നോച്ചുമായി ഇറങ്ങി പ്രഥമ നോക്കിയ ഫോൺ X6 ആദ്യ വിൽപ്പനയിൽ തന്നെ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

ജെഡി, സണിങ്, ടിമോൾ എന്നി വെബ്സൈറ്റുകൾ വഴി നടന്ന ആദ്യ വിൽപ്പന തന്നെ പത്ത് സെക്കന്റിനുള്ളിലാണ് അവസാനിച്ചത്. വിൽപ്പന തുടങ്ങി ആദ്യ പത്ത് സെക്കന്റില്‍ തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ബോർഡ് വെക്കേണ്ടിവന്നു. ആദ്യ വില്‍പ്പനയിൽ നോക്കിയ X6 വാങ്ങാൻ ഏഴു ലക്ഷം പേരാണ് എത്തിയത്. അടുത്ത വിൽപ്പന മേയ് 30 നടക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയുള്ള പിന്നിലെ ഇരട്ട ക്യാമറ (എച്ച്ഡിആർ), 19:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ഒക്ടാ കോർ സ്നാപ്ഡ്രാഗൻ 636, 6 ജിബി റാം, 16 മെഗാപിക്സൽ സെല്‍ഫി ക്യാമറ, ക്വിക്ക് ചാർജർ, ആൻഡ്രോയ്ഡ് ഒറിയോ എന്നിവ പ്രധാന ഫീച്ചറുകളാണ്. 

നോക്കിയ X6 (4ജിബി റാം, 32 ജിബി സ്റ്റോറേജ്) ന്റെ വില തുടങ്ങുന്നത് 1299 യുവാനിലാണ് (ഏകദേശം 13,800 രൂപ). 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1499 യുവാനും (ഏകദേശം 16,000 രൂപ) 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1699 യുവാനുമാണ് (ഏകദേശം 18,100 രൂപ). 

വൺപ്ലസ് 6 അവതരിപ്പിച്ച ദിവസം തന്നെയാണ് നോക്കിയ X6 ഫോണും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐഫോൺ X പോലൊരു (ഡിസൈൻ) ഹാൻഡ്സെറ്റാണ് നോക്കിയ X6 എന്നും പറയാം. നോക്കിയ X6 ഫോണിൽ ഐഫോണിലെ പോലെ (ഫുൾ സ്ക്രീൻ) ഡിസ്പ്ലെയിൽ നോച്ച് ഉണ്ട്.  

ഇരട്ട സിം (നാനോ), 5.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ 2.5ഡി ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 3060 എംഎഎച്ച് ബാറ്ററി. അരമണിക്കൂറിനുളളിൽ 50 % ക്വിക്ക് ചാർജിങ് സംവിധാനം, ഫിംഗര്‍ പ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.