റെഡ്മി നോട്ട് 5 വാങ്ങിയവർ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ഷവോമി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാർട് ഫോൺ വിൽക്കുന്ന ചൈനീസ് കമ്പനിയായ ഷവോമി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. എംഐയുഐ 10 ഗ്ലോബൽ ബീറ്റാ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ഷവോമി എത്തിയിരിക്കുന്നത്. 

പഴയ പതിപ്പുകളിലേക്ക് തിരികെ പോകാൻ ശ്രമിച്ചാൽ ഫോൺ ഉപയോഗശൂന്യമായി പോകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം അവസ്ഥ ഉണ്ടായാൽ ഉടൻ തന്നെ ഫോൺ അടുത്തുള്ള എംഐ സർവ്വീസ് സ്റ്റേഷനിൽ എത്തിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഷവോമി അടുത്തിടെ കൊണ്ടുവന്ന നയമാണ് പഴയ പതിപ്പുകളിലേക്ക് തിരികെ പോകുന്നതിൽ നിന്നും ഉപയോക്താക്കളെ വിലക്കുന്നത്. 

എന്നാൽ ഫോണിന്‍റെ സ്ഥിരതയും സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് കമ്പനി പറയുന്നത്. നേരത്തെയുണ്ടായിരുന്ന ബീറ്റാ, സാധാരണ പതിപ്പുകളിലേക്ക് മടങ്ങിപോകാൻ ശ്രമിക്കരുതെന്നും ഷവോമി മുന്നറിയിപ്പു നൽകുന്നുണ്ട്.

എംഐയുഐ സ്റ്റേബിൾ ROM v9.5.19 നോട്ട് 5, നോട്ട് 5 പ്രോ ഉപയോഗിക്കുന്നവർ പുതിയ പതിപ്പുകളിലേക്ക് മാത്രമെ അപ്ഗ്രേഡ് ചെയ്യാൻ പാടുള്ളൂവെന്നും ഷവോമി അറിയിച്ചു. നെക്സസ്, പിക്സൽ ഉപയോക്താക്കൾക്കായി ഗൂഗിൾ നടപ്പിലാക്കിയതിനു സമാനമായ നയമാണ് ഷവോമി ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. നയങ്ങളുടെ കാര്യത്തിൽ കൂടുതൽ പിടിമുറുക്കാൻ ഷവോമി ഒരുങ്ങുന്നതിന്‍റെ സൂചനയാണ് പുതിയ മാറ്റം.