ഫോൺ കമ്പനികളെ അമേരിക്ക പുറത്താക്കി; ചൈന തിരിച്ചടിക്കുമോ?

ലോകത്തെ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാവായ വാവെയ് കമ്പനിയ്ക്കും മറ്റൊരു പ്രമുഖ ടെക് കമ്പനിയായ ZTEയ്ക്കും അമേരിക്കന്‍ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ചു. ചൈന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളായതിനാലാണീ നിരോധനം. ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ഭാഗമാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാസങ്ങളോളം അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇരു കമ്പനികളെയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായാണ് കണ്ടിരുന്നത്. ഫോണ്‍ നിര്‍മാതാക്കള്‍ എന്നതിനേക്കാളേറെ ടെലികോം വികസനവുമായി ബന്ധപ്പെട്ടും ഇരു കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. പല രാജ്യങ്ങളിലും 5G വരുന്നതിന്റെ ഭാഗമായുള്ള പണികള്‍ ചെയ്യുന്നത് വാവെയ് ആണ്. നിരോധനത്തോടു കൂടി ഈ കമ്പനികള്‍ക്ക് അമേരിക്കയുടെ ടെലികോം വികസനത്തില്‍ ഇരു കമ്പനികള്‍ക്കും ഒരു പങ്കുമില്ലാതാകും. ജൂണില്‍ അമേരിക്കന്‍ സെനറ്റില്‍ ZTEയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തോടെ ഒരു ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിരുന്നില്ല. 

പുതിയ നിരോധനത്തെ തുടര്‍ന്ന് ഇനി വാവെയും ZTEയുമടക്കമുള്ള ഒരുപിടി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ഇനി അമേരിക്കയുടെ ടെലികോം വികസനവുമാി ഒരു വിധത്തിലുമുള്ള ബന്ധമുണ്ടാവില്ല. ഇവരില്‍ നിന്നുള്ള ഘടകവസ്തുക്കളും വാങ്ങില്ല. ഇതു പൂര്‍ണ്ണമായും നിലവില്‍ വരണമെങ്കില്‍ രണ്ടു വര്‍ഷമെടുക്കും. അത്യന്താപേക്ഷിതമായ ഒരിടത്തും ഇവരുടെ ഘടകഭാഗങ്ങള്‍ ഉപയോഗിക്കില്ല. ചിലയിടത്ത് ഘടകഭാഗങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, ഡേറ്റ കടന്നു പോകുന്നിടങ്ങളിലോ, ഡേറ്റ വായിക്കാവുന്നിടങ്ങളിലോ ഇവര്‍ക്ക് ഒരു സ്ഥാനവുമില്ലായിരിക്കും. പല സർക്കാർ ഏജന്‍സികളോടും നിരോധനം അനുശാസിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും സര്‍ക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു കമ്പനികളും അമേരിക്കന്‍ നിയമ നിര്‍മാതാക്കളുടെ കണ്ണിലെ കരടായിരുന്നു. ഈ കമ്പനികളെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയായി ആണ് 2012 മുതല്‍ കണ്ടിരുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ രണ്ടു കമ്പനികളുടെ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു. പുതിയ ബില്‍ പാസാക്കിയെങ്കിലും ഈ കമ്പനികളുടെ പ്രവര്‍ത്തനത്തെ അത് പൂര്‍ണ്ണമായും നിരോധിക്കുന്നില്ല. പക്ഷേ, സർക്കാരുമായി ഒത്തു പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്ന നിരവധി അമേരിക്കന്‍ കമ്പനികള്‍, ഈ ചൈനീസ് കമ്പനികളില്‍ നിന്നു വാങ്ങിയിട്ടുള്ള അനുബന്ധഘടകങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതായി വരും.

വാവെയ് ഈ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നാണ് പറഞ്ഞത്. ശരിയായ സുരക്ഷാ ഭീഷണി എവിടെയാണ് എന്നു മനസ്സിലാക്കാതെയാണ് ഈ നിരോധനമെന്ന് അവര്‍ പ്രതികരിച്ചു. എന്നാല്‍ തങ്ങള്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമോ എന്നു പറയാന്‍ വാവെയ് വിസമ്മതിച്ചു. ചൈന എങ്ങനെയായിരിക്കും ഇതിനെതിരെ പ്രതികരിക്കുക എന്നറിയില്ല. ഉടനടി പ്രതികരണം ഉണ്ടായില്ലെങ്കില്‍ പോലും ചൈന പ്രതികരിച്ചേക്കാം. ആപ്പിള്‍ അടക്കമുള്ള പല കമ്പനികളും അവരുടെ ഉപകരണങ്ങള്‍ ചിലവു കുറച്ചു നിര്‍മിക്കുന്നത് ചൈനയിലാണ്. അതു കൂടാതെ അമേരിക്കയിലെ പല ബിസിനസ് ഭീമന്മാരും ചൈനയില്‍ മുതല്‍ മുടക്കിയിട്ടുമുണ്ട്. ഇത്തരം നീക്കങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഒരു വാണിജ്യ യുദ്ധത്തിലേക്കാണോ നീങ്ങുക എന്നാണ് പലരും ഭീതിയോടെ നോക്കുന്നത്.