സെല്‍ഫി പ്രേമികളുടെ മനം കവരാന്‍ ഒപ്പോ F9 പ്രോ എത്തി

സെല്‍ഫി പ്രേമികളുടെ മനം കവരാന്‍ 25MP ക്യാമറയുമായി ഒപ്പൊ F9 പ്രോ; VOOC ടെക്‌നോളജിയിലൂടെ രണ്ടു മണിക്കൂര്‍ ടോക് ടൈമിന് 5 കേവലം മിനിറ്റ് ചാര്‍ജിങ്! ചൈനയിലെ ഫോണ്‍ നിര്‍മ്മാതാവായ ഒപ്പോ കമ്പനി അവരുടെ F9 പ്രോ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ പ്രധാന പ്രത്യേകതകള്‍ അതിന്റെ 25MP സെല്‍ഫി ക്യാമറയും, വെള്ളത്തുള്ളിയുടെ ആകാരമുള്ള നോച്ചും, കമ്പനിയുടെ സ്വന്തം VOOC ഫ്‌ളാഷ് ചാര്‍ജിങുമാണ്. രണ്ടു മണിക്കൂര്‍ ടോക്ടൈം കേവലം അഞ്ചു മിനിറ്റു നേരത്തെ ചാര്‍ജിങിലൂടെ നേടാമെന്നതാണ് ഈ ചാര്‍ജിങിന്റെ ഗുണമെന്നാണ് കമ്പനി പറയുന്നത്.

6.3-ഇഞ്ച് വലുപ്പമുള്ള, 19.5:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഫോണിനുള്ളത്. ഫുള്‍എച്ഡി പ്ലസ് (2340 x 1080 പിക്‌സല്‍) റെസലൂഷനാണ് ഡിസ്‌പ്ലെയ്ക്ക്. വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള നോച്ചാണ് ഫോണിനുള്ളത് എന്നതു കൊണ്ട് ഇതിന്റെ സ്‌ക്രീന്‍-ബോഡി അനുപാതം 90.8 ശതമാനമാണ്. അതായത് നല്ല നേര്‍ത്ത ബെസലാണ് ഫോണിനുള്ളത്. മെഡിയടെക് ഹെലിയോ P60 പ്രൊസസർ ഫോണിനു ശക്തി പകരുന്നു. ഗ്രാഫിക് പ്രൊസസറാകട്ടെ ARM Mali-G72 MP3 ആണ്. ഇതിന്റെ റാമും സംഭരണ ശേഷിയും യഥാക്രമം 6ജിബി 64ജിബി എന്നിങ്ങനെയാണ്. ആന്‍ഡ്രോയിഡ് 8.1 ഉപയോഗിച്ചു സൃഷ്ടിച്ച കളര്‍ഒഎസ് 5.2 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേല്‍നോട്ടം വഹിക്കുന്ന ക്യാമറകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തത്സമയ എച്ഡിആര്‍ പിന്തുണയുള്ള 25MP സെല്‍ഫി ക്യാമറ എടുത്തു പറയേണ്ട ഒന്നാണ്. എഐ ബ്യൂട്ടി ടെക്‌നോളജി 2.1 ഉള്ള ഇതിന് മുഖത്തിന്റെ 296 ഫീച്ചറുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. പിന്‍ ക്യാമറയ്ക്കും എഐ ശേഷിയുണ്ട്. ഇരട്ട പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. f/1.8 അപര്‍ചര്‍ ഉള്ള മുഖ്യ ക്യാമറയ്ക്ക് 16MP റെസലൂഷനാണ് ഉള്ളത്. സഹ ക്യാമറയ്ക്ക് f/2.4 അപര്‍ചറും, 2MP റെസലൂഷനുമാണ് ഉള്ളത്. എആര്‍ സ്റ്റിക്കേഴ്‌സ് (AR stickers) സപ്പോര്‍ട്ട് ഇവയ്ക്കുണ്ട്. സ്ലോമോഷന്‍ വിഡിയോയും ഇതിന്റെ പ്രത്യേകതയാണ്.

3500 mAh ബാറ്ററിയുള്ള ഫോണിന്റെ ചാര്‍ജിങ് രീതിയാണ് ഈ ഫോണിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 30 മിനിറ്റ് ചാര്‍ജു ചെയ്താല്‍ ഫോണിന് 75 ശതമാനം ചാര്‍ജ് കയറ്റാമെന്നതാണ് ഒപ്പൊയുടെ സ്വന്തം ക്വിക് ചാര്‍ജിങ് രീതിയായ VOOCയുടെ മികവ്. 

വില

ഇത്തരം ഒരു ഫോണില്‍നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഫോണിനുണ്ട്. 23,999 രൂപയാണ് F9 പ്രോ മോഡലിനു വിലയിട്ടിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലും ഒപ്പൊ സ്‌റ്റോറുകളിലും ഇത് ഓഗസ്റ്റ് 31ന് വില്‍പ്പനയ്‌ക്കെത്തുന്നു. ഓഗസ്റ്റ് 21 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതുമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, ജിയോ സിം ഉപയോഗിക്കുന്നവര്‍ക്ക് 3.2 ടിബി വരെ 4G ഡേറ്റയടക്കം 4,000 രൂപയ്ക്കുള്ള പ്രയോജനം ലഭിക്കും.

ഏകദേശം സമാന സ്‌പെസിഫിക്കേഷനുള്ള മറ്റൊരു ഫോണാണ് ഒപ്പൊ F9. സെല്‍ഫി ക്യാമറ 16 MP ആയിരിക്കുമെന്നതാണ് വ്യത്യാസം. റാമും 4ജിബിയെ കാണൂ. മറ്റെല്ലാ ഫീച്ചറുകളും തന്നെ ഒരുപോലെയാണ്. ഈ മോഡലിന്റെ വില 19,990 രൂപയായിരിക്കും.