കുറഞ്ഞ വിലയ്ക്കൊരു മികച്ച ഫോൺ; ഓണർ 7എസ് ഇന്ത്യയിലെത്തി

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓണർ 7എസ് എന്ന ഹാൻഡ്സെറ്റിൽ ഏറെകുറെ ഓണർ പ്ലേ 7 നിലെ ഫീച്ചറുകൾ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഓണർ 7എസിലുള്ളതെങ്കിൽ ഓണർ പ്ലേ 7 ൽ 24 മെഗാപിക്സൽ ഷൂട്ടറായിരുന്നു.

18:9 അനുപാതത്തിലുള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 3020 എംഎഎച്ച് ബാറ്ററി, എൽഇഡി സെൽഫി ലൈറ്റ് എന്നിവ പ്രധാന ഫീച്ചറുകളാണ്. ഓണർ 7എസിന്റെ (2ജിബി റാം, 16ജിബി സ്റ്റോറേജ്) ഇന്ത്യയിലെ തുടക്ക വില 6999 രൂപയാണ്.

സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്കാർട്ട് വഴിയാണ് ആദ്യ വിൽപന. ബ്ലാക്ക്, ബ്ലൂ, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. ഇരട്ട സിം, ആൻഡ്രോയിഡ് ഒറിയോ, ക്വാഡ് കോർ മീഡിയടെക് എംടി6739 എസ്ഒസി എന്നിവ പ്രധാന ഫീച്ചറുകളാണ്.