പുറത്തിറങ്ങും മുൻപെ ഐഫോൺ ബുക്കിങ്; വിവരങ്ങൾ പുറത്ത്

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകൾ. ഈ വർഷത്തെ പുതിയ മോഡലുകൾ സെപ്റ്റംബര്‍ 12 നാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. എന്നാൽ പുറത്തിറങ്ങും മുൻപെ പുതിയ മോഡലുകളുടെ ബുക്കിങ് തുടങ്ങി.

ഐഫോൺ9, ഐഫോൺ XS, ഐഫോൺ XS മാക്സ് എന്നീ മൂന്നു ഹാൻഡ്സെറ്റുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റൊമാനിയൻ വെബ്സൈറ്റായ ക്യുക്ക്മൊബൈലാണ് പുതിയ ഐഫോണുകളുടെ പ്രീ ഓർഡർ തുടങ്ങിയിരിക്കുന്നത്.

ഐഫോൺ 9 വരുന്നത് 6.1 ഇഞ്ച് എൽസിഡി പാനലുമായാണ്. എന്നാൽ ഐഫോൺ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്പ്ലെയുമായാണ്. ഐഫോൺ XS മാക്സിന്റെ ഡിസ്പ്ലെ 6.5 ഇഞ്ചാണ്. മൂന്നു ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതിൽ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. എന്നാൽ ഐഫോണ്‍ 9 ന് 512 ജിബി വേരിയന്റ് ലഭ്യമല്ല. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് ബുക്കിങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.