പുതിയ ഐഫോണിനെ കളിയാക്കി ഷവോമിയും വാവെയും

ഐഫോണുകളെ കളിയാക്കല്‍ സാംസങ്ങിന്റെ മാത്രം കുത്തകയല്ല എന്നറിയിച്ചു കൊണ്ട് ഇറക്കി ഒരാഴ്ചയ്ക്കു മുൻപ് തന്നെ ചൈനീസ് കമ്പനികളായ ഷവോമിയും വാവെയും ഈ വര്‍ഷം ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. വില്‍ക്കുന്ന ഫോണുകളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ ഈ കമ്പനികള്‍ ആപ്പിളിനെക്കാല്‍ പിന്നിലല്ല എന്നു കാണാം. കൃത്യമായി പറഞ്ഞാല്‍ വാവെയ് ആപ്പിളിന്റെ മുൻപിലുമാണ്. ഇപ്പോള്‍ ഏറ്റവുമധികം ഫോണുകള്‍ വില്‍ക്കുന്ന കമ്പനി അവരാണ്. ഓന്നാം സഥാനത്ത് സാംസങും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്.

'ചൈനയിലെ ആപ്പിള്‍,' 'സാധാരണക്കാരന്റെ ആപ്പിള്‍' എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഷവോമി അവരുടെ പുതിയ ആപ്പിള്‍ മോഡലുകളുടെ വിലയെയാണ് പരിഹസിച്ചത്. അവരുടെ ഫോണുകളും ലാപ്‌ടോപ്പും എല്ലാം ഉൾപ്പെടുത്തിയ ബണ്ടിലുകളാണ് ഷവോമി ഈ വര്‍ഷത്തെ ഓരോ ഐഫോണ്‍ മോഡലുകളുടെ പേരുകള്‍ക്കുമൊപ്പം നല്‍കിയത്. കമ്പനിയുടെ ചൈനീസ് വെബ്‌സൈറ്റിലാണ് ഇവ പരസ്യം നല്‍കിയിരിക്കുന്നത്. 

ആപ്പിളിന്റെ ഈ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ XR, Xs, Xs മാക്‌സ് എന്നിവയ്ക്കു തുല്യമായാണ് ഷവോമി അവരുടെ ബണ്ടിലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി ഇവയെ 'സൂട്ട്,' എന്നും 'സെറ്റ്' എന്നുമാണ് വിളിക്കുന്നത്. ഷവോമിയുടെ XR സൂട്ടില്‍ ഇവയാണുള്ളത് ഷവോമി Mi 8 SE (6GB+128GB) ഫോണ്‍, എംഐ ബാന്‍ഡ് 3, എംഐ നോട്ട്ബുക്ക് എയര്‍ ലാപ്‌ടോപ്പ് (12.5-ഇഞ്ച്  (4+256GB) എംഐ ബ്ലൂടൂത്ത് മിനി ഹെഡ്‌സെറ്റ് എന്നിവായാണ് ആദ്യ ബണ്ടിലില്‍ ഷവോമി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ XR മോഡലിന്റെ തുടക്ക വില 76,999 രൂപയാണ്.

അവരുടെ Xs സൂട്ടില്‍ ഷവോമി ഉള്‍പ്പെടുത്തിയിരിക്കുന്നത് എംഐ മിക്‌സ് 2S (8+256GB) സ്മാര്‍ട് ഫോണ്‍, എംഐ ബാന്‍ഡ് 3, എംഐ നോട്ട്ബുക്ക് എയര്‍ 13.3-ഇഞ്ച് ലാപ്‌ടോപ്പ്, എംഐ ബ്ലൂടൂത്ത് മിനി ഹെഡ്‌സെറ്റ് എന്നിവയാണ്. ഐഫോണ്‍ Xsന്റെ ഇന്ത്യയിലെ തുടക്ക വില 99,900 രൂപയാണ്.

ഷവോമിയുടെ Xs മാക്‌സ് സെറ്റിലുള്ളത് ഷവോമി Mi 8 (6+128GB) സ്മാര്‍ട് ഫോണ്‍, Mi നോട്ട്ബുക്ക് പ്രോ, Mi ബ്ലൂടൂത്ത് കോളര്‍ ഹെഡ്‌സെറ്റ്, Mi ബാന്‍ഡ് 3 എന്നിവയാണ്. ഐഫോണ്‍ Xs മാക്‌സിന്റെ തുടക്ക മോഡലന് ഇന്ത്യയിലെ വില 1,09,900 രൂപയാണ്. പ്രായോഗികത മാത്രം കണക്കിലെടുത്താല്‍ ഇത് നല്ല ഓഫറാണ്.

വാവെയ് ആപ്പിളിനെ കളിയാക്കിയത് പുതിയ ഐഫോണ്‍ മോഡലുകളിലെ നൂതനത്വക്കുറവിനെയാണ്. 'എല്ലാം പഴയപടി നിലനിര്‍ത്തിയതിന് നന്ദി. ലണ്ടനില്‍വച്ചു കാണാം. (Thank you for keeping things the same. See you in London.) എന്നാണ് അവര്‍ ട്വീറ്റു ചെയ്തത്. ട്വീറ്റിനൊപ്പം ഒരു ചെറിയ വിഡിയോയും നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഇപ്പോഴും ഇരട്ട ക്യാമറയും മറ്റും ഉപയോഗിക്കുന്നു എന്നതാണെന്നു തോന്നുന്നു വാവെയുടെ പരിഹാസത്തിന്റെ മുന.