ഇരട്ട സെല്‍ഫി ക്യാമറ, 5 ക്യാമറകളുമായി എല്‍ജി V40; അത്യുഗ്രൻ ഫീച്ചറുകൾ

പ്രമുഖ കൊറിയന്‍ നിര്‍മാതാവായ എല്‍ജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ V40 തിങ്ക് (V40 ThinQ) ഒക്ടോബര്‍ മൂന്നിന് അനാവരണം ചെയ്യും. ക്ഷണക്കത്തില്‍ കമ്പനി പറയുന്നത് 'അഞ്ചെണ്ണം കൊണ്ടുപോകൂ' ('Take 5'), എന്നാണ്. അതിനര്‍ഥം, നേരത്തെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നതു പോലെ എൽജിയുടെ അടുത്ത മോഡല്‍ ഫോണിന് 5 ക്യാമറകള്‍ ഉണ്ടെന്നാണെന്നാണ് കരുതുന്നത്.

നോക്കിയയുടെ അടുത്തു വരുന്ന മോഡലുകളില്‍ ഒന്നിന് അഞ്ചു പിന്‍ ക്യാമറകള്‍ ഉണ്ടായിരിക്കും. എന്നാല്‍, അതുപോലെയല്ലാതെ, എല്‍ജിയുടെ V40 മോഡലിന് മൂന്നു പിന്‍ക്യാമറകളും, മുൻപില്‍ ഇരട്ട സെല്‍ഫി ക്യാമറയുമായിരിക്കും ഉണ്ടാകുക. കൂടുതല്‍ ക്യാമറകള്‍ ഫോണില്‍ പിടിപ്പിക്കുന്ന ട്രെന്‍ഡിന് എല്‍ജിയും വഴിപ്പെടുകയാണെന്നു കാണാം. 

പക്ഷേ, ഇതാദ്യമായല്ല അവര്‍ മള്‍ട്ടി-ക്യാമറാ സെറ്റ്-അപ് പരീക്ഷിക്കുന്നത്. 2015ല്‍ അവരുടെ V10ല്‍ മള്‍ട്ടി-ക്യാമറ പരീക്ഷിച്ചിരുന്നു. ലോകത്താദ്യമായി ഇരട്ട സെല്‍ഫി ക്യാമറയുമായി ഇറങ്ങിയ ഫോണ്‍ V10 ആയിരുന്നു. എന്നാല്‍, പിന്നീട് എല്‍ജി ഒറ്റ സെല്‍ഫി ക്യാമറയിലേക്കു മടങ്ങുകയായിരുന്നു. എന്തായാലും അവര്‍ വീണ്ടും ഇരട്ട മുന്‍ക്യാമറകള്‍ എന്ന പരീക്ഷണത്തിനു മുതിരുകയാണ്.

പിന്നിലാകട്ടെ, വാവെയ് അവതരിപ്പിച്ചതു പോലെ മൂന്നു ക്യാമറകളും ഉണ്ടായിരിക്കും. ഇവയുടെ ചുമതലകള്‍ എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഒരു വൈഡ് ലെന്‍സും, ഒരു ടെലി ലെന്‍സും കണ്ടേക്കുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ഒരു അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും, ഒരു വൈഡും, ഒരു ടെലിയുമാകാനും സാധ്യതയുണ്ട്. എല്‍ജിയുടെ പൂര്‍വ്വ ചരിത്രം നോക്കിയാല്‍ ഒരു വൈഡും ഒരു അള്‍ട്രാ വൈഡും (പാനാറോമിക് വൈഡ്) കാണാനുള്ള സാധ്യതയാണുള്ളത്. മൂന്നാമത്തെ ക്യാമറ ടെലിയോ, ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് സെന്‍സറോ ആകാം. ഇത്തരം ഒരു സെറ്റ്-അപ് ഇപ്പോള്‍ വിപിണിയില്‍ അത്ര പ്രചാരത്തിലില്ല എന്നതും അവര്‍ക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരണയായേക്കാം.

കഴിഞ്ഞ വര്‍ഷത്തെ അവരുടെ മോഡലായ V30യില്‍ സ്മൂത് സൂമിങ് എന്നൊരു ഫീച്ചര്‍ കൊണ്ടുവന്നിരുന്നു. വിഡിയോ റെക്കോഡിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ ഇത് ഉപകരിച്ചിരുന്നു. ഇരട്ട ക്യാമറയില്‍ ഒന്നില്‍ നിന്ന് മറ്റെതിലേക്ക് റെക്കോഡിങ് മാറ്റുമ്പോള്‍ അത് കൂടുതല്‍ സുഗമാക്കുകയാണ് സ്മൂത് സൂമിങ് ചെയ്തിരുന്നത്. ഈ ഫീച്ചര്‍ പുതിയ ഫോണിലും പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട് ഫോണായ വാവെയ് P20 പ്രോയുടെ മൂന്നാം ക്യാമറ ലൈറ്റ് പെര്‍ഫോര്‍മന്‍സ് മികച്ചതാക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ജി ഒരു വൈഡ്, ഒരു അള്‍ട്രാ-വൈഡ്, ഒരു ടെലി സെറ്റ്-അപ് പരീക്ഷിക്കുകയാണെങ്കില്‍ അത് സ്മാര്‍ട് ഫോണ്‍ ക്യാമറ പ്രേമികള്‍ക്ക് കൗതുകമായേക്കാം.

ഫോണിന്റെ മുന്നിലെ രണ്ടാമത്തെ ക്യാമറ കൂടുതല്‍ ഡെപ്ത് സെന്‍സിങ്ങിനായേക്കാം ഉപയോഗിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് മികച്ച സെല്‍ഫികള്‍ എടുക്കാന്‍ ഉപകരിക്കുമെന്നു പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്‍ജി, കൊറിയയില്‍ നിന്നു തന്നെയുള്ള അവരുടെ ചിരകാല എതിരാളികളായ സാംസങ്ങിനെയും, വാവെയ് തുടങ്ങിയ ചൈനീസ് കമ്പനികളെയും അപേക്ഷിച്ച് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ അല്‍പം പിന്നോട്ടു പോയിരിക്കുന്നു എന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. അവരുടെ പുതിയ അഞ്ചു കണ്ണന്‍ സ്മാര്‍ട് ഫോണായ V40യിലൂടെ എൽജി തിരിച്ചുവരവിനു വഴിയൊരുങ്ങുമോ? കാത്തിരുന്നു കാണാം.