മോട്ടറോള വൺ പവർ 24ന്; വലിയ ബാറ്ററി, 256 ജിബി സ്റ്റോറേജ്

മോട്ടറോള അവതരിപ്പിക്കുന്ന ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോണായ മോട്ടറോള വൺ പവർ 24ന് ഇന്ത്യയിൽ അവതരിപ്പിക്കും. മോട്ടറോള  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ആൻഡ്രോയ്ഡ് വൺ ഫോണാണ് ഇത്. സ്നാപ്ഡ്രാഗൻ 636 ചിപ്, 5000 മില്ലി ആംപിയർ ബാറ്ററി, 6.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ എന്നിവയാണ് വൺ പവർ ഫോണിന്റെ പ്രധാന മികവുകൾ. 3ജിബി/4ജിബി റാം, 32ജിബി/64 ജിബി ഇന്റേണൽ മെമ്മറി, 256 ജിബി മെമ്മറി കാർഡ് സപ്പോർട്ട് എന്നിവയാണ് മറ്റു സവിശേഷതകൾ.

അതേസമയം, ചൈനീസ് കമ്പനിയായ ഷൗമി 27ന് സംഘടിപ്പിച്ചിരിക്കുന്ന മറ്റൊരു ചടങ്ങിൽ ഫിറ്റ്നസ് ബാൻഡായ മി ബാൻഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കും. മി ബാൻഡ് 3 ആണ് അന്നു കമ്പനി അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നത്. അന്നു തന്നെ ഒപ്പോയുടെ കീഴിലുള്ള റിയൽമി 2 പ്രോയും ഇന്ത്യൻ വിപണിയിലെത്തും. കുറഞ്ഞ വിലയ്ക്ക് പ്രീമിയം ഫോണുകൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഷൗമിയുമായി നേരിട്ടു മൽസരിക്കുന്ന ബ്രാൻഡാണ് റിയൽമി.

ഒക്ടോബറിലാകട്ടെ ഗൂഗിൾ പിക്സൽ ഉൾപ്പെടെ പ്രധാനപ്പെട്ട ബ്രാൻഡുകളുടെ ഒട്ടേറെ ഫോണുകളാണ് ഇറങ്ങാനിരിക്കുന്നത്. നാലിന് എൽജി വി40 തിൻക്, 9ന് ഗൂഗിൾ പിക്സൽ ഉൽപന്നങ്ങൾ, 10ന് റേസർ ഫോൺ 2 എന്നിവയും 11ന് സാംസങ്ങിന്റെ ഇനിയും പേരു വെളിപ്പെടുത്താത്ത സ്മാർട്ഫോൺ, 16ന് ഹ്വാവേ മേറ്റ് 20 എന്നിവയും എത്തും. വൺ പ്ലസ് 6ടി 17ന് അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.