ഐഫോണ്‍ ആരാധകരെ കളിയാക്കാന്‍ കുസൃതിയൊരുക്കി വാവെയ്

ഐഫോണുകള്‍ പുറത്തിറങ്ങുന്ന ദിവസം ആപ്പിള്‍ ഭക്തര്‍ സ്റ്റോറുകള്‍ക്കു മുൻപില്‍ ക്യൂ നില്‍ക്കുന്ന ചടങ്ങ് വര്‍ഷാവാര്‍ഷം ആവര്‍ത്തിക്കാറുണ്ട്. ഈ വര്‍ഷവും അതിനു മാറ്റമുണ്ടായില്ല. എന്നാല്‍ ഈ വര്‍ഷത്തെ കാത്തിരിപ്പുകാര്‍ക്ക് അപ്രതീക്ഷിതമായ ഒരു അനുഭവമുണ്ടായി. 

ലണ്ടനില്‍ ഐഫോണില്‍ ആദ്യ ദിവസം തന്നെ കൈവയ്ക്കാന്‍ കാത്തിരുന്നവരുടെ അടുത്തേക്ക് ആപ്പിളിനെ ട്രോളാന്‍ ശ്രമിക്കുന്ന വാവെയ് കമ്പനിക്കാരുടെ ജ്യൂസ് വാന്‍ വന്നു. (ബാറ്ററി ചാര്‍ജിനും ജ്യൂസ് എന്നുപയോഗിക്കാറുണ്ട് എന്നോര്‍ക്കുക.) ദീര്‍ഘനേരത്തേക്കു കിട്ടുന്ന ജ്യൂസ് ('ju%ce that lasts.') നല്‍കാനാണ് തങ്ങളുടെ ഉദ്യമമെന്നായിരുന്നു പരസ്യ വാചകം. മറ്റൊരു രസകരമായ കാര്യമെന്താണെന്നു ചോദിച്ചാല്‍ ഈ ജ്യൂസില്‍ ആപ്പിളിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ ( 'no traces of apple') എന്നും അവര്‍ കളിയാക്കി.

തുടര്‍ന്ന് വാവെയുടെ പരസ്യത്തിനിറങ്ങിയവര്‍, ഐഫോണ്‍ വാങ്ങാന്‍ കാത്തു നിന്നവര്‍ക്ക് ഫ്രീ പവര്‍ബാങ്കുകള്‍ നല്‍കുകയും ചെയ്തു. വാവെയ് നിര്‍മിച്ച 10,000mAh പവര്‍ ബാങ്കാണ് അവര്‍ നല്‍കിയത്. പുറമെയുളള കവറില്‍ 'ഇതാ ഒരു പവര്‍ ബാങ്ക്. നിങ്ങള്‍ക്ക് ഇത് ആവശ്യം വരും. വാവെയില്‍ നിന്ന്' എന്നെഴുതിയിരുന്നു. 

പുതിയ ഐഫോണുകളുടെ ബാറ്ററി ശേഷി കുറവാണെന്നു കാണിക്കാന്‍ ആലോചിച്ചുണ്ടാക്കിയ തമാശ അല്‍പം അതിരുകടന്നോ എന്നാണ് ചില സാങ്കേതിക വിദഗ്ധര്‍ ഇപ്പോള്‍ ചോദിക്കുന്നത്. പക്ഷേ, ഒരു പവര്‍ ബാങ്ക് വെറുതെ കിട്ടിയാല്‍ ആര്‍ക്കാണു കയ്ക്കുക? അതുകൊണ്ട്, അവ കിട്ടിയവര്‍ക്ക് പരാതിയൊന്നും ഉണ്ടാകാന്‍ വഴിയില്ലെന്നും അവര്‍ പറയുന്നു. ഐഫോണ്‍ Xsനെതിരെ വാവെയ് ഉടനെ അവരുടെ മെയ്റ്റ് 20 സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഫോണില്‍ എന്തെല്ലാം ഫീച്ചറുകളാകും ഉണ്ടാകുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം. 

എല്ലാ വര്‍ഷത്തെയും പോലെ മുന്‍ തലമുറയിലെ ഫോണുകളെക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് ഐഫോണുകള്‍ ഈ വര്‍ഷവും അവതരപ്പിക്കപ്പെട്ടത്. 2018ലെ മികച്ച മോഡലുകളായ ഐഫോണ്‍ XS ന് 5.8-ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെയാണുള്ളത്. ഇതിന്റെ റെസലൂഷന്‍ 2436 x 1125 പിക്‌സല്‍സ്. ഐഫോണ്‍ XS മാക്‌സിന് 6.5-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ റെറ്റിന ഡിസ്പ്ലയാണ് നല്‍കിയിരിക്കുന്നത്. 2688 x 1442 പിക്‌സല്‍സാണ് ഇതിന്റെ റസലൂഷന്‍. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ വച്ച് ഏറ്റവും വലിയ ഡിസ്‌പ്ലെയാണ് ഈ മോഡലിനുള്ളത്. വാവെയ് എന്തൊക്കെ ചെയ്താലും ഐഫോണ്‍ Xs മാക്‌സ് മോഡല്‍ 'ചൂടപ്പം പോലെ' വിറ്റു പോകുന്നു എന്നാണ് വര്‍ത്തകള്‍ പറയുന്നത്.