ഷവോമി ബ്ലാക് ഷാർക് വിപണിയിലേക്ക്, ഫോണിനുണ്ട് വലിയൊരു പ്രത്യേകത

ആപ്പിള്‍ ഉൾപ്പടെയുള്ള മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളെല്ലാം കച്ചവടം കുറയാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ഈ മേഖലയില്‍ കുതിപ്പു നടത്തുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നായ ഷവോമി മൊബൈല്‍ ഗെയ്മിങ് രംഗത്തേക്കും കടക്കുകയാണ്. ബ്ലാക് ഷാര്‍ക് (കറുത്ത സ്രാവ്) എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ബ്ലാക് ഷാർക് ഗ്ലോബൽ വെബ്സൈറ്റ് ലൈവിൽ വന്നിട്ടുണ്ട്. ബ്ലാക് ഷാർക് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷനുകൾ ഇ–മെയിൽ വഴി ലഭിക്കാനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. 

ഹാര്‍ഡ്‌വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്‌സെറ്റുകളുടെ മുഖമുദ്ര. ഇവ ദൈനംദിന ഉപയോഗത്തിനും കൊള്ളാം. ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവാകട്ടെ റെയ്‌സര്‍ ഫോണ്‍ ആണ്. റെയ്‌സര്‍ ഫോണ്‍ നിര്‍മാണത്തിലും സ്പീക്കറുകള്‍ പുറപ്പെടുവിപ്പിക്കുന്ന സ്വരത്തിന്റെ കാര്യത്തിലും മുന്‍നിര ഫോണുകളെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഏകദേശം 700 ഡോളറാണ് റെയ്‌സര്‍ ഫോണിന്റെ വില.

വിലയുടെ കാര്യത്തില്‍ എതിരാളികളെ ഞെട്ടിക്കുന്ന ഷവോമി മാജിക് ഇവിടെയും പുറത്തെടുക്കുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. ബ്ലാക് ഷാര്‍ക്ക് പുറത്തിറക്കുമെന്ന സൂചന നല്‍കി അവര്‍ മറ്റൊരു പരസ്യം കൂടെ നല്‍കിയതാണ് ഈ മോഡലിന്റെ അവതരണം താമസിയാതെ ഉണ്ടായേക്കുമെന്ന് കരുതാന്‍ കാരണം. പരസ്യത്തില്‍ അല്‍പ്പം വളഞ്ഞ വക്കുകളാണ് തോന്നിപ്പിക്കുന്നത്. പവര്‍ ബട്ടണ്‍ ഫോണിന്റെ വലതു ഭാഗത്താണ് കാണപ്പെടുന്നത്. 

ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്-ആന്റിന (X-antenna) ടെക്‌നോളജിയാണ്. ഇത്തരം ഫോണുകളില്‍ ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്റിനകള്‍ ഫോണിന്റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്നത് ഇതു കൂടുതല്‍ സുഗമാക്കിയേക്കും. ഒരു പക്ഷേ, ഫോണിനൊരു ഗെയ്മിങ് കെയ്‌സ് വാങ്ങിയിട്ടാല്‍ റിസപ്ക്ഷനില്‍ കുറവു വരാതിരിക്കാനാകാം ഈ ടെക്‌നോളജി എന്നു പറയുന്നവരും ഉണ്ട്.

ബ്ലാക് ഷാര്‍ക് കരുത്തനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 GB റാമും 128GB/256GB സ്റ്റോറേജ് ശേഷിയും ഈ ഫോണിനെ മികച്ച അനുഭവമാക്കിയേക്കും. റെയ്‌സര്‍ ഫോണിനുള്ളതു പോലെ ഒരു 120 Hz ഡിസ്‌പ്ലെയും കണ്ടേക്കും. ആന്‍ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 18:9 അനുപാതത്തിലുള്ള ഫുള്‍ എച്ഡി പ്ലസ് ഡിസ്‌പ്ലെയാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിന്റെ റിഫ്രെഷ് റെയ്റ്റ് 120 Hz ആണെങ്കില്‍ ഗെയ്മിങ്ങില്‍ മാത്രമല്ല ഇത് ഉപകാരപ്രദമാകുക-വിഡിയോ കാണലും രസകരമായിരിക്കും. ഷവോമിയുടെ Mi Mix 2S നേക്കാള്‍ മികച്ച പ്രകടനമായിരിക്കും ഇതിനെന്നാണ് വാര്‍ത്തകല്‍ പറയുന്നത്.