വണ്‍പ്ലസ് 6T വാങ്ങണോ, പോക്കോ F1 മതിയോ? കണക്കുകൂട്ടണമെന്ന് ഷവോമി

ഈ നിമിഷത്തിനു വേണ്ടിയാണ് ഷവോമി കാത്തിരുന്നത്. വിലയിലും ഫീച്ചറുകളിലും മുന്തിയ ഫോണുകളെ വിറപ്പിക്കുന്ന വണ്‍പ്ലസിനെ നേരിടാനാണ് ഷവോമി അവരുടെ പോക്കോ F1 ശ്രേണിയിലുള്ള ഫോണുകള്‍ ഇറക്കിയത്. പോക്കോയുടെ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരു മോഡലുകളുടെയും വില താരതമ്യം ചെയ്തൊരു വിഡിയോ പോസ്റ്റു ചെയ്തിട്ടുമുണ്ട്.

ഒരേ പ്രൊസസറാണ് രണ്ടു ഫോണുകളും ഉപയോഗിക്കുന്നതെന്നും ഓര്‍മിപ്പിക്കുന്നു. അവര്‍ ട്വീറ്റില്‍ പറയുന്നത്: 'Never Settle for OverPriced. Unlock the #MasterOfSpeed. You decide. #DoTheMath എന്നാണ്. വില കൂടിയതു വാങ്ങാന്‍ നിന്നുകൊടുക്കരുത്. മാസ്റ്റർ ഓഫ് സ്പീഡ് നിങ്ങള്‍ക്കു തീരുമാനിക്കാം. കണക്കൂ കൂട്ടി നോക്കൂ. എന്നാണ് അവര്‍ പറയുന്നത്. ഇതില്‍ പറയുന്ന നെവര്‍ സെറ്റിൽ എന്ന പ്രയോഗം വണ്‍പ്ലസിന്റെ മുദ്രാവാക്യവുമാണ്.

ഇന്ത്യയിലും കേരളത്തിലും വണ്‍പ്ലസിന് ധാരാളം ആരാധകരുണ്ട്. അവര്‍ പോക്കോ F1 പരീക്ഷിക്കാന്‍ ശ്രമിക്കുമോ? കാര്യമായ വില വ്യത്യാസം ഇരു മോഡലുകളും തമ്മിലുണ്ട്. വില പരിശോധിക്കാം:

വണ്‍പ്ലസ് 6T

∙ 6T 6GB റാം/128ജിബി സംഭരണശേഷി- 37,999 രൂപ
∙ 8GB റാം/128GB സംഭരണശേഷി- 41,999 രൂപ
∙ 8GB റാം/256GB സംഭരണശേഷി- 45,999

പോക്കോ F1

∙ 6GB RAM/6GB - 20,999 രൂപ
∙ 6GB RAM/128GB - 23,999 രൂപ

സ്‌പെഷ്യല്‍ എഡിഷന്‍ 8GB RAM/256GB- 29,999 രൂപ

വണ്‍പ്ലസിന്റെ ആരാധകരെ വിഷമത്തിലാക്കുന്നതാണ് ഈ വിലയിടല്‍. ഈ വര്‍ഷമാണെങ്കില്‍ വണ്‍പ്ലസ് 6Tയില്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ വളരെ മികച്ചതാണ് എന്നാണ് പ്രഥമ വിലയിരുത്തലും. പോക്കൊ F1‌ന്റെ വെല്ലുവിളി മനസിലാക്കി തന്നെ നിര്‍മ്മിച്ചതായിരിക്കണം ഈ ഫോണ്‍. വില താഴ്ത്തിയും മികച്ച ഫോണ്‍ നിര്‍മിക്കാമെന്നു കാണിക്കാന്‍ തുടങ്ങിയതായിരുന്നു വണ്‍പ്ലസ് കമ്പനി. പക്ഷേ, ഇപ്പോള്‍ അവരുടെ വിലയും കുതിച്ചു കയറുകയാണ്.

ഒരേ പ്രൊസസറായതിനാല്‍ സ്പീഡിന്റെ കാര്യത്തില്‍ വണ്‍പ്ലസും പോക്കോ F1ഉം തമ്മില്‍ അജഗജാന്തര വ്യത്യാസമൊന്നുമുണ്ടാവില്ല താനും. ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക?

പോക്കോ F1നെ അപേക്ഷിച്ച് വണ്‍പ്ലസ് 6Tയുടേത് മെച്ചപ്പെട്ട നിര്‍മാണത്തികവാണ്. പോക്കോയുടെ ആര്‍മേഡ് എഡിഷനൊഴിച്ചുള്ളവ (സ്‌പെഷ്യല്‍ എഡിഷന്‍) പോളികാര്‍ബണേറ്റ് നിര്‍മിതിയാണ്. ഏറ്റവും മികച്ച ഈ മോഡലിനു മാത്രമാണ് തമ്മില്‍ ഭേദപ്പെട്ട നിര്‍മാണ മികവ്.

പുതിയ വണ്‍പ്ലസിന്റെ ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പല റിപ്പോര്‍ട്ടര്‍മാരുടെയും മനം കവര്‍ന്നു. അല്‍പ്പം വലുപ്പക്കൂടുതലുള്ള ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 6Tയുടേത്. പ്രോസസിങ് ശക്തിയില്‍ ഇരു ഫോണുകളും മോശം വരാന്‍ ഇടയില്ല. പോക്കൊ F1ന് ലിക്വിഡ് കൂളിങ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാമറ സിസ്റ്റം മെച്ചം വണ്‍പ്ലസിന്റെതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പ്രായോഗികത നോക്കിയാല്‍ ഇന്നത്തെ പല ഫോണുകളുടെയും ക്യാമറകള്‍ തമ്മില്‍ അത്ര വലിയ വ്യത്യാസമൊന്നുമില്ലെന്നു കാണാനുമാകും. വണ്‍പ്ലസ് 6Tയ്ക്ക് 3,700mAh ബാറ്ററിയും പോക്കോ F1ന് 4,000mAh ബാറ്ററിയുമാണുള്ളത്. രണ്ടു മോഡലുകള്‍ക്കും ക്വിക് ചാര്‍ജിങ് ശേഷിയുമുണ്ട്. വണ്‍പ്ലസ് 6Tയ്ക്ക് ചെറിയ മുന്‍ഗണന നല്‍കാമെങ്കിലും വില വ്യത്യാസം ഉപയോക്താക്കളെ പോക്കോയിലേക്ക് ആകര്‍ഷിക്കുമോ. വണ്‍പ്ലസിന്റെ കച്ചവടം കുറയുകയും, പോക്കൊ കളം പിടിക്കുകയും ചെയ്താല്‍ ഇത്തരം ഫോണുകളുടെ വില കുറഞ്ഞേക്കാം. വില കുറച്ച് ഉപയോക്താക്കളെ ആകര്‍ഷിച്ച വണ്‍പ്ലസിന് അതേ നാണയത്തിലുള്ള തിരിച്ചടി നല്‍കാനാണ് ഷവോമി ശ്രമിക്കുന്നത്. രസകരമായ ഒരു മത്സരമാണിതെന്നും പറയാം.