വീണ്ടും പുതിയ ഫ്‌ളിപ് ഫോണുമായി സാംസങ്, പുത്തൻ ഫീച്ചറുകൾ

സ്മാര്‍ട് ഫോണുകളുടെ വലുപ്പം കൂടിവരികയാണ്. പക്ഷേ, ഒതുക്കമുള്ള ഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകുമല്ലോ. അവരെ ലക്ഷ്യമിട്ടാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് അവരുടെ പുതിയ ഫോണ്‍ ഇറക്കുന്നത്. ഒതുക്കത്തോടെ കൈയ്യിലിരിക്കുകയും ഒപ്പം ഫിസിക്കല്‍ കീബോഡില്‍ സ്പര്‍ശിച്ചറിയാനുള്ള അവസരവുമാണ് പുതിയ ഫോണില്‍ ലഭിക്കുന്നത്.

സ്മാര്‍ട് ഫോണുകളുടെ വരവോടെ ഒരുകാലത്തു ഫാഷനായിരുന്ന ഫ്‌ളിപ് ഫോണുകളുടെ കാലം കഴിഞ്ഞതായി പലരും കരുതിയിരുന്നു. എന്നാല്‍, സാംസങ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച കരുത്തന്‍ ഫ്‌ളിപ് ഫോണായ W2018ന് ഒരു പിന്‍ഗാമി, SM-W2019 എന്ന പേരില്‍ ഈ മാസം ഒൻപതിന് ചൈനയില്‍ അവതരിപ്പിച്ചേക്കുമെന്നു പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ മോഡലിനു മികച്ച ഫീച്ചറുകളായിരുന്നല്ലോ, 4.2-ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെ (1080x1920), സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6 ജിബി റാം, 64 ജിബി/ 256 ജിബി സംഭരണശേഷി, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, f/1.5 അപേര്‍ച്ചറുള്ള 12MP ക്യാമറ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഇറങ്ങിയത്. ഈ വര്‍ഷത്തെ മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ ഫോണ്‍ നവംബര്‍ 9ന് അവതരിപ്പിക്കുമെന്ന് സാംസങ് ഔദ്യോഗികമായി തന്നെ പറഞ്ഞുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

മികച്ച ഹാര്‍ഡ്‌വെയറുമായി തന്നെ ഇറങ്ങുന്ന ഈ മോഡലിന് പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന് ഇരട്ട പിന്‍ക്യാമറായാണ്. മെറ്റല്‍ ബോഡിയാണ് കണ്ടേക്കുമെന്നു കരുതുന്ന മറ്റൊരു സവിശേഷത. ഒരു കൈവച്ച് ഉപയോഗിക്കാമെന്നതാണ് ഇത്തരം ഫോണുകള്‍ ചിലര്‍ക്ക് പ്രിയങ്കരമാക്കുന്നത്. രണ്ടു ഡിസ്‌പ്ലെകളും ഉണ്ടാകും. അടയ്ക്കുമ്പോള്‍ ഒന്നും തുറക്കുമ്പോള്‍ പ്രധാന സ്‌ക്രീനും കിട്ടും. ഫിസിക്കല്‍ കീബോഡാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ആന്‍ഡ്രോയിഡ് 9.0 ആയിരിക്കാം ഓപ്പറേറ്റിങ് സിസ്റ്റം.

കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ ഒരു പ്രീമിയം ഫോണായാണ് സാംസങ് അവതരിപ്പിച്ചത്. 1000 പൗണ്ടിനു മുകളിലായിരുന്നു വില. ഈ വര്‍ഷവും ആ പാതയാണ് പിന്തുടരുന്നതെങ്കില്‍ ഒരു ഐഫോണ്‍ മോഡല്‍ വാങ്ങി പൈസ തീര്‍ക്കുന്നതായിരിക്കും മെച്ചമെന്ന് ചില റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.