71,000 രൂപയ്ക്ക് വാങ്ങിയ ഫോണിന് ഇത്രയും പ്രശ്നങ്ങളോ?

ജനപ്രിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ ഗൂഗിളിന്റെ പിക്സൽ 3, പിക്സല്‍ 3 എക്സ് എൽ സ്മാർട് ഫോണുകൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. നിരവധി പുതിയ ഫീച്ചറുകളും പുതുമകളുമായി പുറത്തിറങ്ങിയ ഹാൻഡ്സെറ്റ് ആദ്യ ദിവസങ്ങളിൽ വൻ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ പുതിയ ഗൂഗിൾ പിക്സൽ ഫോണുകളെ കുറിച്ച് ഇപ്പോൾ അത്ര നല്ല റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. 

71,000 രൂപയോളം വിലവരുന്ന പിക്സൽ 3, പിക്സൽ 3 XL ഹാൻഡ്സെറ്റുകൾക്ക് നിരവധി പ്രശ്നങ്ങളുണ്ടെന്നാണ് ഉപയോക്താക്കൾ പറയുന്നത്. ഗൂഗിളിൽ നിന്നുള്ള നൂതനവും സ്മാർട് ഫോണുകളിൽ ഏറ്റവും ‌മികച്ചതുമായ പിക്സൽ 3 യുടെ സോഫ്‌റ്റ്‌വെയറിലും ഹാർ‍ഡ്‌വെയറിലും പ്രശ്നം കണ്ടുതുടങ്ങിയെന്നാണ് അറിയുന്നത്. ചാർജ് ചെയ്യുമ്പോൾ ഹാൻഡ്സെറ്റ് അമിതമായി ചൂടാകുന്നുവെന്നും ചില സമയങ്ങളിൽ സ്വിച്ച് ഓഫ് ആകുന്നുവെന്നുമാണ് ആരോപണം.

ഫോൺ ചാർജിങ്ങിനിടെ വിഡിയോ കോൾ ചെയ്തപ്പോൾ ഫോൺ ചൂടാകുന്നത് ശ്രദ്ധയിപ്പെട്ടെന്നും പെട്ടെന്ന് തന്നെ ഫോൺ മുന്നറിയിപ്പില്ലാതെ ഓഫായെന്നുമാണ് റെഡിറ്റ് ഫോറത്തിലൂടെ ഒരു ഉപയോക്താവ് വെളിപ്പെടുത്തിയത്. ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ സമാനമായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഗൂഗിളിന്റെ പ്രൊഡക്ട് ഫോറത്തിലും പിക്സൽ 3 യ്ക്കെതിരെ പരാതികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പരാതികളോടു ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.