ഒപ്പോ A7: കൂറ്റന്‍ ബാറ്ററിയും സ്‌ക്രീനുമായി ഒരു മികച്ച സ്മാര്‍ട് ഫോണ്‍

ഒപ്പോ A7 പരിഗണിക്കുന്നവര്‍ അതിന്റെ 4,230mAh ബാറ്ററിയും 6.2-ഇഞ്ച് സ്‌ക്രീനും പരമാവധി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും. പിന്നില്‍ ഇരട്ട ക്യാമറകളും മുന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവുള്ള സെല്‍ഫി ക്യാമറയും ഈ ഫോണിനുണ്ട്. A7 മോഡലിന് 3.5എംഎം ഓഡിയോ ജാക്കും യുഎസ്ബി ഓടിജി സപ്പോര്‍ട്ടുമുണ്ട്. ആന്‍ഡ്രോയിഡ് 8.1 കേന്ദ്രമാക്കി ഒപ്പോ സൃഷ്ടിച്ച കളര്‍ഓഎസ് 5.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 450 ആണ് പ്രൊസസര്‍.

ചൈനയിലും നേപ്പാളിലും ഒപ്പോ A7 വിതരണത്തിന് എത്തിക്കഴിഞ്ഞു. 4GB RAM/ 64GB വേര്‍ഷന്‍ ഫോണിന് ചൈനയിലെ കറന്‍സി വച്ചു നോക്കിയാല്‍ 16,500 രൂപയായിരിക്കും വില. നേപ്പാളിലെ വില വച്ച് ഇന്ത്യയില്‍ വില വീണ്ടും കൂടാം: 3GB RAM +32GB വേര്‍ഷന് ഇന്ത്യന്‍ കറന്‍സി പ്രകാരം 22,200 രൂപ വില വരും. (ഏകദേശം 35,790 എന്‍പിആര്‍ ആണ് നേപ്പാളിലെ വില.) ഇന്ത്യയില്‍ ഇതിലും കുറച്ചായിരിക്കും വില.

6.2-ഇഞ്ച് വലിപ്പമുള്ള എച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് ഫോണിനുള്ളത്. 19:9 അനുപാതത്തിലുള്ള സ്‌ക്രീനിന് ബോഡിയുമായുള്ള അനുപാതം 88.3 ശതമാനമാണ്. വെള്ളത്തുള്ളി രൂപത്തിലുള്ള നോച്ചാണ് സെല്‍ഫി ക്യാമറയ്ക്കു നൽകിയിരിക്കുന്നത്.

16 എംപി സെല്‍ഫി ക്യാമറയാണ് ഇതിനുള്ളത്. തിരശ്ചീനമായി പിടിപ്പിച്ച ഇരട്ടപ്പിന്‍ ക്യാമറകളും ഉണ്ട്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 13 എംപി സെന്‍സറാണുള്ളത്. സഹായ ക്യാമറയ്ക്ക് 2എംപി സെന്‍സറുമുണ്ട്. 4G ആന്റിന മുതല്‍ ഇത്തരമൊരു ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന മുഴുവന്‍ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്. 168 ഗ്രാമാണ് തൂക്കം. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയവയും ഉണ്ട്.

പക്ഷേ, മുകളില്‍ പറഞ്ഞ വിലയാണ് ഈ ഫോണിന് ഇടാന്‍ പോകുന്നതെങ്കില്‍ അതിന് എങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്നു പറയാനാവില്ല. ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനുകളും കൂടുതല്‍ നല്ല പ്രോസസറുമുള്ള ഫോണുകള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ് എന്നതാണ് കാരണം.