സാംസങ് പോലും ഉപയോഗിക്കുന്നത് ഐഫോണോ? ട്വിറ്ററിൽ ട്രോൾ പെരുമഴ

ടെക് ലോകത്തെ ഏറ്റവും മികച്ച ഫോണുകൾ നിർമിക്കുന്ന രണ്ടു കമ്പനികളാണ് സാംസങ്ങും ആപ്പിളും. സാംസങ് ആൻഡ്രോയിഡ് ഫോണുകളാണ് പുറത്തിറക്കുന്നതെങ്കിൽ ആപ്പിൾ ഐഒഎസ് ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. ഇരുകമ്പനികളും വിപണിയിൽ വൻ മൽസരവുമാണ്. ഓരോ മോഡൽ ഹാൻഡ്സെറ്റുകൾ പുറത്തിങ്ങുമ്പോഴും പരസ്യം വഴി ഇരുകമ്പനികളും അങ്ങോട്ടും ഇങ്ങോട്ടും ട്രോളാറുണ്ട്. എന്നാൽ ആ ട്രോൾ ജോലി ഇപ്പോൾ സോഷ്യൽമീഡിയക്കാർ ഏറ്റെടുത്തിരിക്കുകയാണ്. സംഭവം ഇതാണ്, സാംസങ് ഫോൺ പരിചയപ്പെടുത്തി ട്വീറ്റ് ചെയ്തത് ഐഫോണിൽ നിന്ന്.

സാംസങ്ങിന്റെ ഔദ്യോഗിക ട്വിറ്ററിൽ പേജിലാണ് ഐഫോൺ വഴി പുതിയ മോഡൽ ഫോൺ ഗ്യാലക്സി നോട്ട് 9 ന്റെ വിഡിയോയും വിവരങ്ങളും പോസ്റ്റ് ചെയ്തത്. സംഭവം ചിലർ സ്ക്രീൻ ഷോട്ടെടുത്ത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ സോഷ്യൽമീഡിയയിൽ ഹിറ്റായി. സാംസങ് ജീവനക്കാർ പോലും ഉപയോഗിക്കുന്നത് ഐഫോൺ ആണെന്ന് വരെ ചിലർ ട്വീറ്റ് ചെയ്തു.

#GalaxyNote9NG #TheGameChangerNG എന്നീ ഹാഷ്ടാഗോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിനിടെ സംവഭം മുൻനിര ടെക് മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ച് സാംസങ് മുങ്ങി. എന്നാൽ മറ്റു സ്മാർട് ഫോൺ ബ്രാൻഡുകളുടെ പോസ്റ്റ് ചെയ്യാൻ ഐഫോൺ ഉപയോഗിച്ച് കുടങ്ങിയവർ നിരവധിയാണ്. ബോളിവുഡ് നടി അനുഷ്ക ശർമയുടെ ഗൂഗിൾ പിക്സൽ ഫോണിന്റെ ട്വീറ്റും ഐഫോൺ വഴി പോസ്റ്റ് ചെയ്തത് ചർച്ചയായിരുന്നു.

ഗൂഗിൾ പിക്സൽ സ്മാർട്ഫോണിലെടുത്ത ചിത്രം എന്ന പേരിൽ അനുഷ്ക ശർമ ഹാഷ്ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റിട്ടത് ഐഫോൺ ഉപയോഗിച്ചായിരുന്നു. ചിത്രം ഷെയർ ചെയ്തത് ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് താരത്തെ ചതിച്ചത്. സംഗതി ചർച്ചയിലെത്തിയതോടെ അനുഷ്ക ട്വീറ്റ് ഡിലീറ്റ് ചെയ്ത് അതേ പോസ്റ്റ് ട്വിറ്ററിന്റെ വെബ് ക്ലയന്റിൽ നിന്ന് പബ്ലിഷ് ചെയ്തു. ഒരു പക്ഷെ, പിക്സൽ ഫോണിലെടുത്ത ചിത്രം ഐഫോണിലേക്ക് അയച്ച ശേഷം അതിൽ നിന്നു പബ്ലിഷ് ചെയ്തതാവാം എന്ന വാദം നിലനിൽക്കെ തന്നെ അങ്ങനെയെങ്കിൽ രണ്ടാമത് പബ്ലിഷ് ചെയ്തപ്പോൾ എന്തുകൊണ്ട് പിക്സൽ ഉപയോഗിച്ചില്ല എന്ന ചോദ്യവും ഉയർത്തുന്നു. ഗൂഗിൾ പിക്സൽ 2എക്സ്എൽ എന്ന മോഡലിന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു അനുഷ്കയുടെ ട്വീറ്റ്