48 മെഗാപിക്സൽ ക്യാമറ ഫോണുമായി ഷവോമി, സെൻസർ സോണി, ലോകത്ത് ആദ്യ സംഭവം

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഓരോ മോഡലിലും എന്തെങ്കിലും പുതുമകൾ പരീക്ഷിക്കുന്ന ഷവോമി പുതിയ ഫോണിൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് അവതരിപ്പിക്കുന്നത്. പുതുവൽഷരത്തിനു വിപണി പിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഷവോമിയുടെ പുതിയ ഫോൺ.

48 മെഗാപിക്‌സല്‍ സെന്‍സറുമായെത്തുന്ന ഹാൻഡ്സെറ്റിന്റെ ടീസര്‍ നേരത്തെ തന്നെ ഷാവോമി പുറത്തുവിട്ടിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയിലൂടെ ഷാവോമി മേധാവി ലിന്‍ബിന്‍ ആണ് ചിത്രം ട്വീറ്റ് ചെയ്തത്. 

പുറത്തുവന്ന ചിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ഫോണിന്റെ പിന്നിലാണ് 48 മെഗാപിക്സല്‍ ക്യാമറ. ഫോണിന് പിറകില്‍ 48 മെഗാപിക്‌സല്‍ ക്യാമറ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും കാണാം. അതേസമയം, ഫോണിൽ എത്ര ക്യാമറ സെന്‍സറുകൾ ഉണ്ടാകുമെന്നത് സംബന്ധിച്ച് വെളിപ്പെടുത്തൽ വന്നിട്ടില്ല.

ലോകത്ത് ഇത് ആദ്യമായാണ് 48 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു ഫോണ്‍ പുറത്തിറങ്ങാൻ പോകുന്നത്. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറായിരിക്കും ഇതില്‍ ഉപയോഗിക്കുക. ഇക്കാര്യം നേരത്തെ തന്നെ സോണി വെളിപ്പെടുത്തിയിരുന്നു. ജനുവരി ആദ്യത്തിലായിരിക്കും ഫോൺ പുറത്തിറങ്ങുക.