അദ്ഭുതം പുറത്തെടുത്ത് സാംസങ്, ഗ്യാലക്സി A8S ഡിസ്പ്ലെയിൽ ക്യാമറ

ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ വിതരണ കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. ഇന്നവതരിപ്പിച്ച ഗ്യാലക്സി എ8എസ് ഹാൻഡ്സെറ്റിന് ഗ്യാലക്സി എ9 നോടു ഏറെ സാമ്യമുണ്ട്. പിന്നിൽ മൂന്നു ക്യാമറകളുമായി വരുന്ന ഗ്യാലക്സി എ8എസിൽ സ്നാപ്ഡ്രോഗൺ 710 ആണ് പ്രോസസർ.

ഡിസ്പ്ലെയിൽ ക്യാമറയുള്ള ഹാൻഡ്സെറ്റ് പുറത്തിറക്കുമെന്ന് ചൈനീസ് കമ്പനി ഓണര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സാംസങ്ങിന്റെ ഗ്യാലക്സി എ8എസ് അവതരിപ്പിച്ചത്. ഗ്യാലക്സി എ8എസിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസ്പ്ലെയിലെ സെൽഫി ക്യാമറ തന്നെയാണ്. ഓണർ വ്യൂ 20 ഫോണിന്റെ ഡിസ്പ്ലെയിൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് വരാൻ പോകുന്നത്. എന്നാല്‍ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയുള്ള ആദ്യ ഫോൺ അവതരിപ്പിക്കാൻ സാംസങ്ങിന് സാധിച്ചു. ഇതിനായി സാംസങ് അവതരിപ്പിച്ചത് ഇൻഫിനിറ്റി ഒ ഡിസ്പ്ലെയാണ്.

ഗ്യാലക്സി എ8എസിന്റെ ഡിസ്പ്ലെയുടെ മുകളിൽ വലതു ഭാഗത്താണ് സെൽഫി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസങ്ങിന്റെ റിപ്പോർട്ട് പ്രകാരം ഡിസ്പ്ലെയിലെ ക്യാമറ ഭാഗം 4.8എംഎം ആണ്. എന്നാൽ ഓണർ വ്യൂ 20യുടെ ഡിസ്പ്ലെ ക്യാമറ ഭാഗം (4.5 എംഎം) ഇതിലും കുറവാണ്.

ഗ്യാലക്സി എ8എസിന്റെ പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 710 ഒക്ടാകോർ ആണ്. ഗ്യാലക്സി എ8എസിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന മോഡൽ 6ജിബി റാം/128 ജിബി സ്റ്റോറേജ്, ടോപ് എൻഡ് മോഡൽ 8ജിബി റാം/128 ജിബി സ്റ്റോറേജ് ആണ്. ആൻഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്.

6.4 ഇഞ്ച് ഫുൾ എച്ച്ഡ് ഡിസ്പ്ലെയുള്ള ഫോണിൽ പിന്നിൽ മൂന്നു ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുൻക്യാമറ ഒന്നു മാത്രം. പിന്നിൽ 24+10+5 മെഗാപിക്സലാണ് ക്യാമറകൾ (അപേച്ചർ f/1.7). സെൽഫി ക്യാമറ 24 മെഗാപിക്സലാണ്. അലുമിനിയം ഫ്രെയ്മാണ് ഗ്യാലക്സി എ8എസിന്റെ പ്രത്യേകതകളിലൊന്ന്. 3400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഗ്രീൻ, ബ്ലൂ, ഗ്രേ നിറങ്ങളിൽ പുറത്തിറങ്ങുന്ന ഹാൻഡ്സെറ്റിന്റെ വിലവിവരങ്ങൾ പുറത്തുവന്നിട്ടില്ല.