ചൈനയിൽ ഐഫോൺ X വരെ നിരോധിച്ചു; ആപ്പിളിന് അപ്രതീക്ഷിത തിരിച്ചടി

യുഎസും ചൈനയും തമ്മിലുള്ള ‘കച്ചവട യുദ്ധം’ മറ്റൊരു വഴിക്ക് നീങ്ങുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിനെ പാഠം പഠിപ്പിക്കാൻ ലക്ഷ്യമിട്ട് ചൈനീസ് കോടതി ഐഫോൺ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ചിപ്പ് നിർമാണ കമ്പനിയായ കോൽകമിന്റെ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്.

ചൈനയിലെ ഐഫോൺ വിലക്ക് ആപ്പിളിനു നേരിട്ട അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ വിലക്ക് ചൈനയിലെ ഐഫോൺ വിൽപ്പനയിൽ 10 മുതല്‍ 15 ശതമാനം വരെ ഇടിവ് ബാധിക്കുമെന്നാണ് കരുതുന്നത്. അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ ക്വാൽകമും ആപ്പിളും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് ചൈനീസ് കോടതി പഴയ ഐഫോണുകൾ നിരോധിച്ചത്. ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X എന്നീ മോഡലുകൾക്കാണ് വിലക്ക്. എന്നാൽ ഈ വർഷം പുറത്തിറങ്ങിയ മോഡലുകൾക്ക് വിലക്കില്ല.

പഴയ ഐഫോണുകളിലെ രണ്ടു പേറ്റന്റുകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ആപ്പിളിനെതിരെ ക്വാൽകം ചൈനീസ് കോടതിയെ സമീപിപ്പിച്ചത്. ഫോട്ടോ എഡിറ്റിങ്– റീസൈസ്, ടച്ച് സ്ക്രീൻ ഉപയോഗിച്ച് ആപ്പുകളുടെ നിയന്ത്രണം എന്നീ രണ്ടു പേറ്റന്റുകൾ ആപ്പിൾ ലംഘിച്ചുവെന്നാണ് ക്വാല്‍കം കോടതിയിൽ വാദിച്ചത്. എന്നാൽ ഈ പേറ്റന്റ് സംബന്ധിച്ച തർക്കം നേരത്തെ തന്നെ രാജ്യാന്തര കോടതിയിൽ തീരുമാനമായതാണെന്നാണ് ആപ്പിളിന്റെ വാദം.