പിന്നിൽ 48 മെഗാപിക്സൽ ക്യാമറയുമായി വാവെയ് ഫോൺ പുറത്തിറങ്ങി

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ പുറത്തിറങ്ങി. ഓരോ മോഡലിലും എന്തെങ്കിലും പുതുമകൾ പരീക്ഷിക്കുന്ന വാവെയ്  പുതിയ ഫോൺ നോവ 4ൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതുവൽഷരത്തിനു വിപണി പിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വാവെയുടെ പുതിയ ഫോൺ.

48 മെഗാപിക്‌സല്‍ സെന്‍സറുമായെത്തുന്ന ഹാൻഡ്സെറ്റിന്റെ ടീസര്‍ നേരത്തെ തന്നെ വാവെയ് പുറത്തുവിട്ടിരുന്നു. വാവെയ് നോവ 4ന്റെ (48 മെഗാപിക്സല്‍ ക്യാമറ) അടിസ്ഥാന വില 3399 യുവാനാണ് (ഏകദേശം 35,300 രൂപ). എന്നാൽ 20 മെഗാപിക്സലിന്റെ ഫോണിന് 3099 യുവാനാണ് വില (ഏകദേശം 32,200 രൂപ). ഡിസംബർ 27 മുതലാണ് വിൽപ്പന. ബ്ലാക്ക്, ബ്ലൂ, റെഡ്, വൈറ്റ് നിറങ്ങളില്‍ ഹാൻഡ്സെറ്റ് പുറത്തിറങ്ങും.

ഇരട്ട സിം, ആൻഡ്രോയ്ഡ് പൈ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, കിരിൻ 970 എസ്ഒസി പ്രോസസർ, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. പിന്നിൽ 48+16+2 എന്നിങ്ങനെ മൂന്നു ക്യാമറകളാണുള്ളത്. മുന്നിൽ 25 മെഗാപിക്സലാണ് ക്യാമറ. ഇൻ–സ്ക്രീനിലാണ് സെൽഫി ക്യാമറ. 3750 എംഎഎച്ച് ബാറ്ററി.

ലോകത്ത് ഇതാദ്യമായാണ് 48 മെഗാപിക്‌സല്‍ ക്യാമറയുമായി വാവെയ് ഫോണ്‍ പുറത്തിറങ്ങുന്നത്. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ സോണി വെളിപ്പെടുത്തിയിരുന്നു.