‘മെയ്ക് ഇൻ ഇന്ത്യ' വിജയം: 4000 കോടി മുതൽ മുടക്കിൽ യുപിയിൽ വിവോ പ്ലാന്റ്

മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുതൽ മുടക്കിൽ വിവോയുടെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കുക. ഇതിനായി 169 ഏക്കർ സ്ഥലം വിവോ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ നിർമാണ കേന്ദ്രത്തിന്റെ വരവോടെ സ്മാർട്ഫോൺ വിപണിയിൽ വിലക്കുറവ്, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങും.

'ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉൽപന്ന നവീകരണവും, ശ്രദ്ധയും, മൂല്യവും നൽകാനുള്ള പ്രതിബദ്ധതയോടെയാണ് വിവോ 2014-ൽ ഇന്ത്യൻ വിപണിയിലേക്ക്‌ പ്രവേശിച്ചത്. അന്നു മുതൽ ഇന്ത്യ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണ്. ഇന്ന് ഇന്ത്യയിൽ ഞങ്ങൾ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട് പ്രതിബദ്ധതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. കൂടാതെ പുതിയ പ്ലാന്റ് ഉയർന്ന ഗുണമേന്മയുള്ള ജോലിയും പരിശീലന അവസരങ്ങളും നൽകുക വഴി ചുറ്റുമുള്ള പ്രദേശത്തിന് വലിയ ആനുകൂല്യം നൽകുമെന്നതിൽ അഭിമാനമുണ്ട്.’വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ മാര്യ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന വിവോ സ്മാർട്ഫോണുകൾ എല്ലാം തന്നെ ഗ്രെറ്റർ നോയിഡയിലെ നിർമാണ കേന്ദ്രത്തിൽ നിർമിച്ചവയാണ്. ലോകത്തിലെ തന്നെ വിവോയുടെ നാല് പ്രധാന നിർമാണ യൂണിറ്റുകളിൽ ഒന്നാണ് ഗ്രെറ്റർ നോയിഡ പ്ലാന്റ്. 300 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച നോയിഡ പ്ലാന്റിൽ 5000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിലൂടെ വർഷം 20 ലക്ഷം യൂണിറ്റ് സ്മാർട്ഫോണുകളാണ് നിർമാണ ശേഷി.

പുതിയ പ്ലാന്റിന്റെ വരവോടെ ആദ്യ ഘട്ടത്തിൽ തന്നെ 5000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ തൊഴിലവസരങ്ങൾ, ശമ്പള വർധനവ്, നൈപുണ്യ വികസനം എന്നീ മേഖലകളിൽ തികഞ്ഞ സാമൂഹിക സാമ്പത്തിക വളർച്ചക്ക് ഈ നിക്ഷേപം വഴിയൊരുക്കും. പുതിയ പ്ലാന്റിന്റെ വരവോടെ വാർഷിക നിർമാണം അഞ്ചു കോടി യൂണിറ്റ് ആക്കാനാണ് വിവോ പദ്ധതിയിടുന്നത്.